മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന ഇടങ്ങളിൽ തെരച്ചിൽ ഊർജിതം. 

കൽപ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കായി കർശന സുരക്ഷയാണ് എസ്പിജി ഒരുക്കുന്നത്. വരും ദിവസങ്ങളിൽ പ്രിയങ്കയും പ്രചാരണത്തിന് എത്തും. ദേശീയ നേതാക്കളേയും മുഖ്യമന്ത്രിയെയും എത്തിച്ച് ഇടതു മുന്നണി പ്രചാരണം കൊഴുപ്പിക്കും. പ്രധാനമന്ത്രിയെയും അമിത് ഷായേയും വയനാടൻ ചുരം കയറ്റാനാണ് എൻഡിഎ നീക്കം.

എസ്‍പിജി എഐജി ഗുർമീത് ദോർജെയുടെ നേതൃത്വത്തിലുള്ള സംഘം വയനാട് ക്യാംപ് ചെയ്ത് കർശന പരിശോധന തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എസ്‍പിജിയുടെ നിർദേശം അനുസരിച്ചാണ് ക്രമീകരണം നടത്തുന്നത്.

ആകാശമാർഗമാണോ, റോഡ് മാർഗമാണോ രാഹുൽ എത്തുക എന്ന് വ്യക്തമായിട്ടില്ല. ആകാശമാർഗമാണ് വരവെങ്കിൽ കൽപ്പറ്റയിലെ എസ്കെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിലാകും രാഹുൽ ഇറങ്ങുക. യാത്ര റോഡ് വഴിയാണെങ്കിൽ താമരശ്ശേരി ചുരത്തിലടക്കം പൊലീസ് വലയം തീർക്കും. പത്രിക നൽകാനുള്ള റോഡ്ഷോ എസ്‍പിജി നിരീക്ഷണത്തിലാകും നടത്തുക. മാവോയിസ്റ്റ് സാന്നിധ്യം ഉള്ള വയനാട്ടിലെ മക്കിമല, തിരുനെല്ലി, സുഗന്ധഗിരി എന്നി കാടുകളിൽ തണ്ടർബോൾട്ട് ഊർജിത പരിശോധന നടത്തുകയാണ്.