വോട്ടിംഗ് മെഷീൻ വ്യാപകമായി പണിമുടക്കിയെന്ന ആക്ഷേപം തള്ളി തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിംഗ് മെഷീൻ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.മറ്റ് സംസ്ഥാനങ്ങളിൽ ഇതിലും കൂടുതൽ ശതമാനം കാണാം. വോട്ട് ചെയ്യാൻ പറ്റുന്നില്ലെന്ന തകരാര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോയ കേസ് ഒന്നുമില്ല.

തെറ്റായ പ്രചാരണമാണ് നടക്കുന്നത്. നിയമം അതായത് കൊണ്ടാണ് കേസെടുത്തതെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പരാതി പറഞ്ഞാൽ അത് പരിഹരിക്കുന്നതിന് പകരം പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ശരിയല്ലെന്നും ടിക്കാറാം മീണ പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല . നിയമം ശരിയല്ലെങ്കിൽ അത് മാറ്റാം. പക്ഷെ കമ്മീഷന് നിയമം പാലിച്ചേ മതിയാകൂ എന്നും ടിക്കാറാം മീണ പ്രതികരിച്ചു.

എത്ര വൈകിയാലും 6 മണിക്കെത്തിയവരെ വോട്ട് ചെയ്യിക്കും. മന്ദഗതിയിൽ വോട്ടിംഗ് നടക്കുന്നയിടത്ത് പ്രത്യേകം ശ്രദ്ധ നൽകാൻ ഉച്ചയോടെ കളകടർമാർക്ക് നിർദ്ദേശം കൊടുത്തിരുന്നു എന്നും ടിക്കാറാം മീണ പറഞ്ഞു. 

ചിത്രം: എസ് സജയകുമാര്‍