ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. എല്ലാം കൃത്യമായി നടക്കുന്നുണ്ട്. ജനങ്ങള്‍ യാതൊരു ആശങ്കയും പേടിയുമില്ലാതെ ധൈര്യത്തോടെ പോയി വോട്ടു ചെയ്തു വരണം
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വോട്ടിംഗ് മെഷീനിലെ തകരാര്‍ സംഭവിച്ചത് വ്യാപകമായി പരാതിയില്ല. ചില സ്ഥലങ്ങളില്‍ പ്രശ്നമുണ്ടായിട്ടുണ്ട്. അതു ഞങ്ങള്‍ പ്രതീക്ഷിച്ചതുമാണെന്നും ടിക്കാറാം മീണ പറഞ്ഞു.
ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ഞങ്ങള്‍ ആദ്യമേ പറഞ്ഞതാണ്. ഗുരുതരമായ പ്രശ്നങ്ങളൊന്നും വോട്ടെടുപ്പില്‍ ഉണ്ടായിട്ടില്ല. അതാത് സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നുണ്ട്.
കോവളത്ത് വോട്ടുകള്‍ ചിഹ്നം മാറി രേഖപ്പെടുത്തുന്നു എന്ന പരാതിയില്‍ പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. എന്തായാലും വ്യാപകമായ പരാതികളൊന്നുമില്ല. മഴയും ഇടിയും ഉണ്ടായത് മൂലമുള്ള പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ. ഇതുവരെയുള്ള കണക്കനുസരിച്ച് രാവിലെ ഒന്‍പതരയോടെ തന്നെ പന്ത്രണ്ട് ശതമാനം പോളിംഗ് സംസ്ഥാനത്ത് നടന്നു.
ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. എല്ലാം കൃത്യമായി നടക്കുന്നുണ്ട്. ജനങ്ങള്‍ യാതൊരു ആശങ്കയും പേടിയുമില്ലാതെ ധൈര്യത്തോടെ പോയി വോട്ടു ചെയ്തു വരണം. പ്രത്യേക അജന്‍ഡ വച്ച് രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല എല്ലാ പരാതികളും പരിഹരിച്ച് തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നമ്മള്‍ പൂര്‍ത്തിയാക്കും - വിവാദങ്ങള്‍ക്കിടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

