ദില്ലി: നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നൽകുന്നതെന്ന് ടോം വടക്കൻ ആവര്‍ത്തിക്കുമ്പോഴും വടക്കന്‍റെ കർമ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് സൂചന. കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കൻ എത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരോ ചാലക്കുടിയോ ടോം വടക്കൻ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. 

സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോൺഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നി‍‍‍ർത്തിയുള്ള പട്ടികയാണ് ഹൈക്കമാന്‍റ് പരിഗണിക്കുന്നതും. ഇതിൽ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. 

മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ മൂന്ന് ദിവസത്തിനകമാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോൺഗ്രസ് നേതൃത്വത്തിനെതിരെ വടക്കൻ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ടോം വടക്കൻ മാധ്യമങ്ങളോട് പറയുമ്പോൾ അത് നൽകുന്ന സൂചനയും മറ്റൊന്നല്ല.