വ്യക്തിപരമായി ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന്‍റെ പേരില്‍ ജനാധിപത്യത്തിലും മതേതരത്ത്വത്തിലുമുള്ള തന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള പ്രചാരണം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുന്‍ നയതന്ത്രജ്ഞന്‍ ടിപി ശ്രീനിവാസന്‍

തിരുവനന്തപുരം: വ്യക്തിപരമായി ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന്‍റെ പേരില്‍ ജനാധിപത്യത്തിലും മതേതരത്ത്വത്തിലുമുള്ള തന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള പ്രചാരണം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുന്‍ നയതന്ത്രജ്ഞന്‍ ടിപി ശ്രീനിവാസന്‍. താന്‍ ഒരു പാര്‍ട്ടിയിലും ഇതുവരെ അംഗമായിട്ടില്ല. അതുകൊണ്ട് തന്നെ വ്യക്തിപരമായി എനിക്ക് ആരെയും പിന്തുണയ്ക്കാന്‍ സാധിക്കുമെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ടിപി ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കിറിച്ചു.

തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ തന്നോട് പിന്തുണയാവശ്യപ്പെട്ടില്ല. തന്നോട് ഇത്തവണ ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികൾ മാത്രമാണ് പിന്തുണ ആവശ്യപ്പെട്ടത്. അവരുടെ രാഷ്ട്രീയത്തോട് ഉയർന്ന ബഹുമാനം സൂക്ഷിക്കുന്നതിനാൽ പിന്തുണ നൽകി.

കോൺഗ്രസോ സ്ഥാനാർത്ഥിയോ മറ്റാരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള പിന്തുണ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, എന്റെ കോളേജിലെ സഹപാഠിയായ സി ദിവാകരന്‍ വീട്ടിൽ വന്ന് കാണുകയും പിന്തുണ ആവശ്യപ്പെട്ടു. അദ്ദേഹത്തിനറിയാം എന്‍റെ രാഷ്ട്രീയം വ്യത്യസ്ഥമാണെന്ന്. എങ്കിലും അദ്ദേഹത്തിന് നല്ലതു വരട്ടെയെന്ന് ആശംസിച്ചു. 

മിസോറം ഗവർണറായിരിക്കെയാണ് പാലക്കാട് വച്ച് കുമ്മനം രാജശേഖരനെ ഞാൻ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ പിന്തുണ ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ പ്രചാരണം നയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വം, പ്രത്യേകിച്ചും ആ ലാളിത്യവും പ്രതിബദ്ധതയും എനിക്കിഷ്ടമായി. അദ്ദേഹത്തെ വ്യക്തിപരമായ നിലയിൽ പിന്തുണയ്ക്കാനും തീരുമാനിക്കുകയായിരുന്നു- ടിപി ശ്രീനിവാസന്‍ പറഞ്ഞു.

രാഷ്ട്രീയക്കാരന്‍ എന്ന നിലയിൽ തരൂർ തന്നെ നിരാശപ്പെടുത്തി. ഇത് സംബന്ധിച്ച് താൻ എഴുതിയപ്പോൾ മുന്‍കാല ബന്ധം പോലും പരിഗണിക്കാതെ അദ്ദേഹം മോശമായി പ്രതികരിച്ചു. ആ സംഭവത്തിനു ശേഷം ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല. താന്‍ കുമ്മനത്തെ പിന്തുണയ്ക്കുന്നതിന് കാരണം തിരുവനന്തപുരത്ത് എംപി മാറണം എന്നിതിനാലാണ്. അതിന് പല കാരണങ്ങളുണ്ട്. കണ്ണടച്ച് വിമര്‍ശിക്കുന്നവര്‍ തന്‍റെ വ്യക്തി സ്വാതന്ത്ര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ഫേസേബുക്കില്‍ കുറിച്ചു.