Asianet News MalayalamAsianet News Malayalam

കുമ്മനത്തിന്‍റെ വരവ് ആര്‍എസ്എസിന്‍റെ ഹോം വര്‍ക്കില്‍; തീപാറും പോരാട്ടത്തിന് തിരുവനന്തപുരത്ത് കളമൊരുങ്ങുന്നു

2009-ല്‍ സിപിഐയുടെ സി.രാമചന്ദ്രന്‍ നായരെ 99,998 വോട്ടുകള്‍ക്കാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ശക്തമായ ത്രികോണമത്സരം നടന്ന 2014-ല്‍ തരൂരിന്‍റെ ഭൂരിപക്ഷം 15470 ആയി കുറഞ്ഞു. 

triavandrum all set for a tough war in general election
Author
Trivandrum, First Published Mar 8, 2019, 2:11 PM IST

തിരുവനന്തപുരം: 2018 മെയില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് രണ്ട് ദിവസം ബാക്കിനില്‍ക്കവേ തീര്‍ത്തും അപ്രതീക്ഷിതമായാണ് കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ ആകെ അമ്പരിപ്പിച്ച പ്രഖ്യാപനമായിരുന്നു അത്. എന്തായാലും ഒൻപത് മാസത്തിന് ശേഷം ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായി അദ്ദേഹത്തെ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് തിരികെ കൊണ്ടു വരികയാണ്. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ പോരാട്ടമാണ് രണ്ടാം വരവിൽ കുമ്മനത്തെ കാത്തിരിക്കുന്നത്. 

കേരളത്തിലെ ഏറ്റവും വിജയസാധ്യത കല്‍പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ തന്നെ ലഭിച്ച ആവേശത്തിലാണ് ബിജെപി ക്യാംപ് ഇപ്പോള്‍. കുമ്മനം രാജശേഖരന്‍റെ മടങ്ങി വരവ് വളരെ കാലമായി കേരളത്തിലെ ബിജെപി പ്രവര്‍ത്തകരും ആര്‍എസ്എസ് നേതൃത്വവും ആഗ്രഹിക്കുന്നുണ്ടായിരുന്നു. കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടും മറ്റു ദേശീയനേതാക്കളോടും ഇക്കാര്യം ആര്‍എസ്എസ് നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഗവര്‍ണര്‍ പദവിയില്‍ നിയമിച്ച ഒരാളെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണമെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് തീരുമാനമെടുക്കണമെന്നാണ് അമിത് ഷാ ആര്‍എസ്എസ് നേതാക്കളെ അറിയിച്ചത്. ഇതോടെ പ്രധാനമന്ത്രിയില്‍ നേരിട്ടും ആര്‍എസ്എസ് കേന്ദ്രനേതൃത്വം വഴിയും കേരളത്തിലെ ആര്‍എസ്എസ് ഘടകം ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. ഇതാണ് ഇപ്പോള്‍ കുമ്മനത്തിന്‍റെ മടങ്ങി വരവിന് വഴിയൊരുക്കിയതും. ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരുന്ന ഘട്ടത്തിലാണ് കുമ്മനം ഗവര്‍ണര്‍ പദവിയിലേക്ക് എത്തുന്നത്. കേരള രാഷ്ട്രീയത്തിലേക്കുള്ള കുമ്മനത്തിന്‍റെ റീഎന്‍ട്രി ഗ്ലാമര്‍ മണ്ഡലമായി തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി തന്നെയാവും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മറ്റു അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മാത്രമേ ഇനി ആ പ്രതീക്ഷ തെറ്റൂ. 

കേരളത്തില്‍ ബിജെപി എ പ്ലസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ മണ്ഡലമാണ് തിരുവനന്തപുരം. നിയമസഭയില്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ നേമവും 34 കൗണ്‍സിലര്‍മാരുള്ള തീരുവനന്തപുരം കോര്‍പറേഷനും അടക്കം ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും ശക്തികേന്ദ്രങ്ങള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണുള്ളത്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, അരുവിക്കര, പാറാശ്ശാല തുടങ്ങിയ നിയോജകമണ്ഡലങ്ങളെല്ലാം തന്നെ ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള സ്ഥലങ്ങളാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരും തമ്മില്‍ ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി ഇവിടെ രണ്ടാം സ്ഥാനം പിടിക്കുകയും ചെയ്തു. 

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകള്‍ പൂര്‍ണമായും ബിജെപി സംസ്ഥാന നേതൃത്വം ആര്‍എസ്എസിനാണ് വിട്ടു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവസാനവാക്കും ആര്‍എസ്എസിന്‍റേതാണ്. ശബരിമല വിഷയത്തോടെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ബിജെപി നേതാക്കളും മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലം കൂടിയാണ് ഇന്ന് തിരുവനന്തപുരം.എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ഇവിടെ സ്ഥാനാര്‍ത്ഥിയായി ആഗ്രഹിച്ചത് കുമ്മനം രാജേശഖരനെയാണ്. 

ഒദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തിരുവനന്തപുരത്ത് സിറ്റിംഗ് എംപി ശശി തരൂര്‍ തന്നെ വീണ്ടും മത്സരിക്കും എന്ന കാര്യം ഉറപ്പാണ്. കോണ്‍ഗ്രസിന് അല്ലാതെ യുഡിഎഫിന്‍റെ മറ്റൊരു ഘടകക്ഷിയും തിരുവനന്തപുരത്ത് മത്സരിക്കാനും താത്പര്യപ്പെടുന്നില്ല. ഇപ്പുറത്ത് എല്‍ഡിഎഫില്‍ സിപിഐയുടെ സീറ്റാണ് തിരുവനന്തപുരം. മുന്‍മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായി സി ദിവാകരനെയാണ് പാര്‍ട്ടി ഇക്കുറി തിരുവനന്തപുരത്ത് മത്സരത്തിന് ഇറക്കുന്നത്. കഴിഞ്ഞ തവണ ബെന്നറ്റ് എബ്രഹാമിനെ ഇറക്കുക വഴി പേയ്മെന്‍റ് സീറ്റ് എന്ന നാണക്കേട് എല്‍ഡിഎഫിനും സിപിഐക്കും പേറേണ്ടി വന്നിരുന്നു. സി ദിവാകരനെ തന്നെ മത്സരത്തിന് ഇറക്കുക വഴി ശക്തമായ മത്സരമാണ് അവര്‍ ഉദ്ദേശിക്കുന്നത്. 

2009-ല്‍ സിപിഐയുടെ സി.രാമചന്ദ്രന്‍ നായരെ 99,998 വോട്ടുകള്‍ക്കാണ് തിരുവനന്തപുരത്ത് തരൂര്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ശക്തമായ ത്രികോണമത്സരം നടന്ന 2014-ല്‍ തരൂരിന്‍റെ ഭൂരിപക്ഷം 15470 ആയി കുറഞ്ഞു. മണ്ഡലത്തിലെ ന്യൂനപക്ഷവോട്ടുകളും തീരമേഖലയിലെ വോട്ടുകളും കാര്യമായി കാര്യമായി യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചുവെന്ന് അന്ന് വിലയിരുത്തലുണ്ടായി. 2014-ല്‍  നിന്നും വളരെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നിലനില്‍ക്കുന്നത്. 

ശബരിമല വിഷയവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള തലസ്ഥാന നഗരത്തിന്‍റെ മനോഭാവവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതെന്തായാലും ദേശീയ രാഷ്ട്രീയത്തിലെ പ്രസന്ന മുഖമായ ശശി തരൂരും മുന്‍ഗവര്‍ണറായ കുമ്മനം രാജശേഖരനും സിപിഐ നേതാവ് സി.ദിവാകരനും നേര്‍ക്കുനേര്‍ വരുന്ന തിരുവനന്തപുരത്തെ പോരാട്ടം കേരളത്തിലെ രാജ്യത്തെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നാവും. അതേസമയം മത്സരം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള അടിയൊഴുക്കുകളിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 

Follow Us:
Download App:
  • android
  • ios