ദില്ലി: ബിജെപി സ്ഥാനാർത്ഥികളെ നാളെ ദില്ലിയിൽ ചേരുന്ന പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. പിഎസ് ശ്രീധരൻപിള്ളയും കെ.സുരേന്ദ്രനും താല്പര്യപ്പെടുന്ന പത്തനംതിട്ട സീറ്റിൽ ദേശീയ അധ്യക്ഷൻ അന്തിമതീരുമാനമെടുക്കും. ടോം വടക്കൻ കൂടി വന്നതോടെ തൃശൂർ സീറ്റിലെ അനിശ്ചിതത്വം ഒന്നുകൂടി മുറുകി.

സംസ്ഥാന അധ്യക്ഷനും ജനറൽസെക്രട്ടറിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ പത്തനംതിട്ടക്കായി പിടിമുറുക്കന്നതാണ് പ്രധാന തർക്കം. സംസ്ഥാനത്ത് പലവട്ടം ചർച്ച നടത്തിയിട്ടും സമവായമായില്ല. ഇനി ദില്ലി ചർച്ചകൾ തീരുമാനമെടുക്കും. ശ്രീധരൻപിള്ളയും കുമ്മനംരാജശേഖരനും ഇന്ന് വൈകീട്ട് ദില്ലിക്ക് പോകും. 

പത്തനംതിട്ടയിലെ പേരിൽ അമിത്ഷാ തന്നെയാകും അന്തിമതീരുമാനമെടുക്കുക. ശ്രീധരൻപിള്ളക്കാണ് നറുക്കെങ്കിൽ സുരേന്ദ്രൻറെ പകരം സീറ്റിൽ പ്രശ്നമുണ്ട്. സുരേന്ദ്രൻ ആഗ്രഹിക്കുന്ന രാണ്ടാം സീറ്റി തൃശൂരിൻറെ കാര്യത്തി. തുഷാർ വെള്ളാപ്പള്ളിയുടെ തീരുമാനം കാക്കുകയാണ് ബിജെപി. തുഷാർ മത്സരിക്കാനുള്ള സാധ്യതയേറുന്നുണ്ടെങ്കിലും വെള്ളാപ്പള്ലിയുമായി ആലോചിച്ച് അന്തിമനിലപാട് അറിയിക്കാമെന്നാണ് തുഷാർ ബിജെപിയോട് പറഞ്ഞത്. 

ടോം വടക്കൻ കൂടി വന്നതോടെ തൃശൂരിനെ ചൊല്ലിയുള്ള പോരിൽ പുതിയ ആൾകൂടിയെത്തി. കോൺഗ്രസ്സിലായിരിക്കെ 2009ൽ തൃശൂരിൽ മത്സരിക്കാനുള്ള ടോം വടക്കൻറെ ആഗ്രഹം പാർട്ടിക്കാരുടെ പ്രതിഷേധം മൂലം നടന്നിരുന്നില്ല. തൃശൂർ അല്ലെങ്കിൽ ചാലക്കുടി വടക്കനെ ഇറക്കാനും സാധ്യതയുണ്ട്.