Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ വിശ്വാസികളുടെ വോട്ടില്‍ കണ്ണുവച്ച് യുഡിഎഫും ബിജെപിയും

ശബരിമലസമരത്തിന് ശേഷം താടിവടിക്കാതെ കറുത്ത വസ്ത്രമണിഞ്ഞാണ് സുരേന്ദ്രന്‍റെ പര്യടനം. സമദൂരത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയ എന്‍എസ്എസ് നിലപാടിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

udf and nda targets sabarimala devotees vote in pathanamthitta
Author
Pathanamthitta, First Published Apr 10, 2019, 3:14 PM IST

പത്തനംതിട്ട: മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന പത്തനംതിട്ടയില്‍ യുഡിഎഫും ബിജെപിയും കണ്ണുവയ്ക്കുന്ന ശബരിമല വിശ്വാസികളുടെ വോട്ടിലാണ്. വിശ്വാസികളെ നോവിക്കാതിരിക്കാൻ നവോത്ഥാനം പറയാതെ വികസനത്തിൽ ഊന്നിയാണ് ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിൻറെ പ്രചാരണം. വിശ്വാസികൾ തെരുവിലിറങ്ങിയ മണ്ഡലത്തിൽ ശബരിമലപ്രശ്നം ആർക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ. 

ആൻറോ ആൻറണിയുടെയും കെ.സുരേന്ദ്രൻയെും പ്രധാന പ്രചാരണവിഷയമാണ് വിശ്വാസം. സമദൂരത്തിനിടയിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ഒരുപോലെ കുറ്റപ്പെടുത്തിയ എൻഎസ്എസ് സമീപനത്തിൽ യുഡിഎഫ് ക്യാമ്പ് ആഹ്ളാദത്തിലാണ്. വിശ്വാസികൾക്ക് ഭരണഘടനാ പരിരക്ഷയെന്ന ബിജെപി പ്രകടനപത്രികാ വാഗ്ദാനത്തോട് എൻഎസ്എസ് മുഖം തിരിച്ചതും യുഡിഎഫ് പ്രതീക്ഷയേറ്റുന്നു.

ശബരിമലസമരത്തിന് ശേഷം താടിവടിക്കാതെ കറുത്ത വസ്ത്രമണിഞ്ഞാണ് സുരേന്ദ്രന്‍റെ പര്യടനം. മണ്ഡലകാലം മറക്കാമോ എന്നാണ് പ്രസംഗങ്ങളിലെ പ്രധാന ഓർമ്മപ്പെടുത്തൽ. സമാന പരാമർശത്തോടെ പന്തളം കൊട്ടാരം വിശ്വാസികളെ തുണക്കാൻ ആഹ്വാനം ചെയ്തതും സുരേന്ദ്രന്‍റെ സന്തോഷമേറ്റുന്നു. കേന്ദ്രം കൊണ്ട് വന്ന 10 ശതമാനം മുന്നോക്കസംവരണവും എൻഎസ്എസ്സിനെ ലക്ഷ്യമിട്ട് സുരേന്ദ്രന്‍ ഉന്നയിക്കുന്നു.

എന്നാല്‍ വിശ്വാസം തിരിച്ചടിക്കുമെന്ന വിലയിരുത്തലിൽ ഇടത് സ്ഥാനാർത്ഥി ശബരിമലപ്രശ്നം തൊടുന്നില്ല. നവോത്ഥാനമതിലിലെ പങ്കാളിയായിരുന്നെങ്കിലും അതും പറയുന്നില്ല. വിശ്വാസികളുടെ എതിർപ്പ് ചോദിച്ചാൽ ആറന്മുളയിലെ വികസനം പറഞ്ഞാണ് പ്രതിരോധം. 

അനുനയനീക്കവുമായി വീണ പന്തളം കൊട്ടാരത്തിലെത്തിയിരുന്നു. പന്തളം രാജകുടുംബാംഗങ്ങളെ വീണ കാണുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാർത്ഥി സന്ദർശനം സാധാരണനടപടിയാണെന്നും വീട്ടിലെത്തുന്നവരോട് കടക്ക് പുറത്തെന്ന് പറയാറില്ലെന്നും കൊട്ടാരം വിശദീകരിച്ചത് ഇടതിന് തിരിച്ചടിയായി. സമുദായ നേതൃത്വങ്ങൾക്ക് എതിർപ്പുണ്ടെങ്കിലും അണികൾ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ഇടത് ക്യാംപ് ഇപ്പോള്‍. 

Follow Us:
Download App:
  • android
  • ios