യുഡിഎഫ് തരംഗത്തിൽ ഒട്ടും പിന്നിലല്ല കോട്ടയവും . തുടക്കം മുതൽ കോട്ട നിലനിര്‍ത്തുകയാണ് തോമസ് ചാഴിക്കാടൻ

കോട്ടയം: കോട്ടയം ലോക് സഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടൻ ലീഡുയര്‍ത്തുന്നു. തുടക്കം മുതൽ ലീഡ് നിലയിലെ അപ്രമാദിത്തം തുടരുന്ന ചാഴിക്കാടൻ ഇടത് ശക്തികേന്ദ്രങ്ങളിൽ പോലും ചലനമുണ്ടാക്കാൻ ചാഴിക്കാടന് കഴിയുകയും ചെയ്തു. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പോസ്റ്റൽ വോട്ടെണ്ണുമ്പോൾ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥിയും സിപിഎമ്മിന്‍റെ കോട്ടയം ജില്ലാ സെക്രട്ടറിയും ആയ വിഎൻ വാസവന് ലീഡ് നിലയിലേക്ക് എത്താനായത്. 

വൈക്കം അടക്കം ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വിഎൻ വാസവന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോൾ 30000 വോട്ടാണ് തോമസ് ചാഴിക്കാടന്‍റെ ലീഡ്

വോട്ടെണ്ണൽ ഫലം കാണുന്ന തോമസ് ചാഴിക്കാടൻ:

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കായിരുന്നു കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുടെ വിയോഗം. ഇതോടെ തന്നെ യുഡിഎഫ് അനുകൂല തരംഗം കോട്ടയത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണ്.

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ വലിയ തര്‍ക്കമാണ് കോട്ടയത്ത് ഉണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കേരളാ കോൺഗ്രസ് ഇപ്പോഴും പിളര്‍പ്പിന്‍റെ വക്കിലുമാണ്. പിജെ ജോസഫിനെ വെട്ടിയാണ് തോമസ് ചാഴിക്കാടനെ കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. അവസാന നിമിഷം വരെ ഉണ്ടായിരുന്ന അനിശ്ചിതത്വം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വരെ അതൃപ്തി ഉണ്ടാക്കുകയും ചെയ്തിരുന്നു.