ദേശീയ തലത്തിൽ കോൺഗ്രസിന് ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ്. കോട്ടയം സീറ്റിൽ പാളിച്ചയുണ്ടാകാൻ കോൺഗ്രസ് അനുവദിക്കില്ല. തര്‍ക്കം അടിയന്തരമായി തീര്‍ക്കണമെന്ന് മാണിക്കും ജോസഫിനും കോൺഗ്രസ് നിര്‍ദ്ദേശം

കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർഥി തർക്കത്തിൽ വേണ്ടി വന്നാൽ ഇടപെടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ചയുണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. കെ എം മാണിയുമായും പി ജെ ജോസഫുമായും ഫോണിൽ സംസാരിച്ചുവെന്നും ബെന്നി ബെഹന്നാൻ. 

കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ നിന്നും നാളെ തിരികെയെത്തിയശേഷം പ്രശ്നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. തർക്കം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്നും കോൺഗ്രസിന് ദേശീയ തലത്തിൽ ഏറെ പ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. അത് ഉൾക്കൊണ്ട് പ്രശ്നം അടിയന്തിരമായി തീർക്കണമെന്നും യുഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. 

ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചു കഴിഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം. ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കെന്ന സൂചന നൽകിയാണ് മാണിയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത്.

സഹോദരൻ ബാബു ചാഴിക്കാടന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എംഎൽഎ സ്ഥാനാർത്ഥിയായെത്തിയ തോമസ് ചാഴിക്കാടൻ പാർലമെന്‍റിലേക്കുള്ള മത്സര രംഗത്തെത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറയുമ്പോഴും ജോസഫിന്‍റെ നീക്കങ്ങള്‍ നിര്‍ണായകമാകും.