ഒരു സീറ്റ് മാത്രമെങ്കിൽ സ്ഥാനാർത്ഥിയെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനുള്ളിൽ ഭിന്നത ശക്തമാകാൻ ഇടയുണ്ട്. അങ്ങിനെ വന്നാൽ ഇടപെടും എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം
കൊച്ചി: കേരള കോൺഗ്രസുമായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനചർച്ച ഇന്ന് രാവിലെ കൊച്ചിയിൽ നടക്കും. രണ്ട്സീറ്റ് വേണമെന്ന നിലപാടിൽ കേരള കോൺഗ്രസ് എം ഉറച്ചുനിന്നാൽ ഇടപെടാനാണ് കോൺഗ്രസിന്റെ തീരുമാനം.കൂടുതൽ സീറ്റ് അനുവദിക്കാനാവില്ലെന്ന് നേരത്തേ തന്നെ കോൺഗ്രസ് അറിയിച്ചിരുന്നു.
കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം കെ എം മാണിയാണ് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സീറ്റ് വിഭജന ചർച്ചയിൽ ഉന്നയിച്ചത്. മാണിയുടെ ആവശ്യത്തെ പിന്തുണച്ച പി ജെ ജോസഫ്, ഇടുക്കി ചാലക്കുടി സീറ്റുകളിലൊന്നാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് സീറ്റ് പ്രായോഗികമല്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്‍റേത്.
എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാട് കേരള കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണ്. ജനമഹായാത്ര കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കൂടി സാന്നിദ്ധ്യത്തിൽ ഇതിനെ കുറിച്ച് ചർച്ച നടത്തും. ഒരു സീറ്റ് മാത്രമെങ്കിൽ സ്ഥാനാർത്ഥിയെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനുള്ളിൽ ഭിന്നത ശക്തമാകാൻ ഇടയുണ്ട്.
അങ്ങിനെ വന്നാൽ ഇടപെടും എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. വിജയസാധ്യതയായിരിക്കണം പ്രധാന മാനദണ്ഡമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. തർക്കപരിഹാരത്തിനായി ഒത്തുതീർപ്പ് നിർദ്ദേശങ്ങളും യുഡിഎഫ് ചർച്ചയിൽ മുന്നോട്ട് വച്ചേക്കും.
