ദില്ലി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. മമതാ ബാനർജിക്ക് തുറന്ന പിന്തുണയുമായി ബിഎസ്‍പി നേതാവ് മായാവതിയും കോൺഗ്രസും രംഗത്തെത്തി. 

മമതാ ബാനർജിക്ക് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ മായാവതി, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മമതാ ബാനർജിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്ന് രൂക്ഷവിമർശനമുയർത്തിയ മായാവതി, ഇങ്ങനെയാണോ ഒരു പ്രധാനമന്ത്രി പെരുമാറണ്ടതെന്ന് ചോദിച്ചു. 

''അക്രമസാധ്യത കണക്കിലെടുത്തായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെത്തന്നെ പ്രചാരണം അവസാനിപ്പിക്കണമായിരുന്നു. എന്നാൽ ഇന്ന് പശ്ചിമബംഗാളിൽ മോദിക്ക് രണ്ട് റാലികളുണ്ട്. അതുകൊണ്ട് മാത്രമാണ് പ്രചാരണം അവസാനിപ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇത് പക്ഷപാതിത്വമല്ലാതെ മറ്റെന്താണ്?'', മായാവതി ചോദിക്കുന്നു. 

കോൺഗ്രസാകട്ടെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഭരണഘടനെ വഞ്ചിക്കലാണെന്നാണ് പ്രതികരിച്ചത്. ഇത് മോഡൽ കോഡ് ഓഫ് കണ്ടക്ട് (തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം) അല്ലെന്നും, 'മോദി കോഡ് ഓഫ് മിസ് കണ്ടക്ട്' ആണെന്നും കോൺഗ്രസ് ആരോപിച്ചു. ''മോദിയുടെയും ഷായുടെയും കയ്യിലെ കളിപ്പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിപ്പോൾ. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണിത്. മോദിയുടെ റാലികൾക്ക് ഫ്രീ പാസ് കൊടുത്ത കമ്മീഷൻ പക്ഷപാതപരമായി പെരുമാറുകയാണ്'', കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. 

അമിത് ഷായുടെ 'ജയ് ശ്രീറാം' റാലിയിൽ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് അസാധാരണ നീക്കത്തിലൂടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെര. കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം, തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. തെരഞ്ഞെടുപ്പുകൾ റദ്ദാക്കാനോ, നീട്ടി വയ്ക്കാനോ, സ്ഥാനാർത്ഥികൾക്ക് നേരെ നടപടിയെടുക്കാനോ മാത്രമേ ഇതുവരെ ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുള്ളൂ. 

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ട സിഐഡി ഡിജി രാജീവ് കുമാറിനെ കമ്മീഷൻ സ്ഥലം മാറ്റിയിരുന്നു. രാജീവ് കുമാറിനോട് ഇന്ന് ഹാജരാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ പരാതിയിൽ ആഭ്യന്തര, ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയെയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതായി ബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.

ഇതിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി മമതാ ബാനർജി ഉന്നയിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കലാണിതെന്നും അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് രാജ്യത്തെന്നും മമത ആരോപിച്ചു. 

മെയ് 19-ന് പശ്ചിമബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ 9 സീറ്റുകളാണ് ജനവിധിയെഴുതുക. ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് സംഘർഷഭരിതമായിരുന്നു. പലയിടത്തും ബൂത്ത് പിടിച്ചെടുക്കലും അക്രമങ്ങളും അരങ്ങേറിയതായി ആരോപണങ്ങളും പരാതിയും ഉയർന്നു. ആറാം ഘട്ട തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ ഒരു തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി പ്രകാരം ഇന്ന് രാത്രി 10 മണി വരെയേ പരസ്യപ്രചാരണം നടത്താൻ കഴിയൂ. നാളെയും മറ്റന്നാളും നിശ്ശബ്ദപ്രചാരണമായിരിക്കും. കനത്ത സുരക്ഷയും മണ്ഡലങ്ങളിൽ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്,  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.