പ്രകടന പത്രികയുടെ പുറംചട്ടയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വലിയ ചിത്രവും കൈപ്പത്തിയുമായിരുന്നു വേണ്ടിയിരുന്നതെന്ന് സോണിയ അഭിപ്രായപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ദില്ലി: കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പുറംചട്ടയില്‍ അതൃപ്തി പ്രകടിപ്പിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. പ്രകടന പത്രികയുടെ പുറംചട്ടയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വലിയ ചിത്രവും കൈപ്പത്തിയുമായിരുന്നു വേണ്ടിയിരുന്നതെന്ന് സോണിയ അഭിപ്രായപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രകടന പത്രിക പുറത്തിറങ്ങുന്നതിന് മുമ്പ് തന്റെ കാഴ്ചപ്പാട് കോൺ​ഗ്രസ് പാർട്ടി നേതാവും പ്രകടന പത്രിക തയ്യാറാക്കിയ സമിതിയുടെ കണ്‍വീണറുമായ രാജീവ് ഗൗഡയെ സോണിയ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രകടന പത്രികയുടെ പുറംചട്ട തയ്യാറാക്കിയതില്‍ സോണിയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രം​ഗത്തെത്തി.

വന്‍ ജനാവലിയുടെ ചിത്രമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പുറംചട്ടയിലുള്ളത്. പ്രകടന പത്രികയുടെ താഴെ വളരെ ചെറുതായാണ് രാഹുല്‍ഗാന്ധിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും നല്‍കിയിട്ടുള്ളത്. പത്രികയുടെ ഒമ്പതാം പേജിൽ രാഹുല്‍ഗാന്ധി ഗ്രാമീണ സ്ത്രീകളോട് ആശയവിനിമയം നടത്തുന്നതിന്റെ ചിത്രം വളരെ വലുതായി നൽകിയിട്ടുണ്ട്.