ദില്ലി: സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സാഹചര്യത്തിൽ ഇനി എന്തു വേണമെന്ന് ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ വരെ പ്രതിപക്ഷ സഖ്യ ചർച്ചകൾ ദില്ലിയിൽ സജീവമായിരുന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കൂടുതൽ രാഷ്ട്രീയപാർട്ടികളെത്തി. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം എന്നീ പാർട്ടികൾ കൂടി ചേർന്നുള്ള പുതിയ സഖ്യത്തിന്‍റെ പേര് സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‍ഡിഎഫ്) എന്നായിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ എൻഡിഎക്ക് കേവലഭൂരിപക്ഷം കിട്ടാതിരുന്നാൽ രാഷ്ട്രപതിയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാനായിരുന്നു പ്രതിപക്ഷ പദ്ധതി. 

പ്രതിപക്ഷ നേതൃപദവി കിട്ടുന്ന തരത്തിലെങ്കിലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചു. എന്നാൽ ഇത്തവണയും നില മെച്ചപ്പെടുത്താൻ കോൺഗ്രസിനായിട്ടില്ല. ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ, 65 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുന്നിൽ നിൽക്കാനാകുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് കരുതപ്പെട്ടിരുന്ന ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ലോക്സഭയിൽ കോൺഗ്രസ് നിലം തൊടുന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടെണ്ണൽ തുടങ്ങി മൂന്നര മണിക്കൂർ പിന്നിടുമ്പോൾ എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നിലാണ്. 

അമേഠിയിലാകട്ടെ രാഹുലിന് ചിന്തിക്കാനാവാത്ത പരാജയമാണ് കാത്തിരിക്കുന്നത്. സ്മൃതി ഇറാനി കനത്ത മത്സരമാണിവിടെ കാഴ്ച വയ്ക്കുന്നത്. ഒരുപക്ഷേ, രാഹുൽ കേരളത്തിൽ വന്ന് മത്സരിച്ചത് നന്നായെന്ന നിലയിലാണ് കാര്യങ്ങളിപ്പോൾ. ഇല്ലെങ്കിൽ ഇത്തവണ ലോക്സഭയിൽ രാഹുൽ ഗാന്ധി ഉണ്ടാകുമായിരുന്നില്ല. വോട്ട് നില ഇടിഞ്ഞുകൊണ്ടേയിരുന്ന കോൺഗ്രസിന് അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെടുകയെന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. സഹോദരി പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചാരണത്തിന് മേൽനോട്ടം വഹിച്ച മണ്ഡലം കൂടിയാണ് അമേഠി. ആറ് തവണയാണ് രാഹുൽ ഇവിടെ പ്രചാരണം നടത്തിയതും.

കോൺഗ്രസിന്‍റെ ഉറച്ച കോട്ടയായിരുന്നു അമേഠി. 1980-ൽ സഞ്ജയ് ഗാന്ധി മത്സരിച്ചത് മുതൽഗാന്ധി കുടുംബത്തിന്‍റെ സ്ഥിരം സീറ്റ്. 1998-ൽ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാൾ മത്സരിച്ചപ്പോൾ മണ്ഡലം മറിച്ച് വോട്ട് നൽകി. അന്ന് ബിജെപി സ്ഥാനാ‍ത്ഥി ജയിച്ചു. അതൊഴികെ നാല് പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷിത മണ്ഡലമാണിത്. 

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ പറഞ്ഞത്.