ജനങ്ങളെ കൈവീശി കാണിക്കുന്ന വോട്ട് ചോദിക്കുന്ന മറ്റൊരു താരമല്ലെന്നും താന്‍ അവരുടെ പ്രതിനിധിയാണെന്നും ജനങ്ങളില്‍ ബോധ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഊര്‍മിള
മുംബൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് താരമായല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധിയായിരിക്കുമെന്ന് ഊര്‍മിള മതോന്ദ്കര്‍. താരമായല്ല രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. താഴേയ്ക്കിടയിലുള്ള ജനങ്ങളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ കൈവീശി കാണിക്കുന്ന വോട്ട് ചോദിക്കുന്ന മറ്റൊരു താരമല്ലെന്നും താന്‍ അവരുടെ പ്രതിനിധിയാണെന്നും ജനങ്ങളില്‍ ബോധ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഊര്‍മിള പറഞ്ഞു.
മുംബൈ നോര്‍ത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഊര്‍മിളക്ക് അവിടുത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ചും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും നല്ല ധാരണയുണ്ട്. ചേരികളുടെ വികസനം, കുടിവള്ള ദൗര്‍ലഭ്യം, സ്ത്രീകളുടെ ആരോഗ്യം, പൊതുശൗചാലയം തുടങ്ങി ഒരുപിടി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഊര്‍മിള പറയുന്നു.
ബിജെപിയുടെ ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിള മത്സരിക്കുന്നത്. ഊര്‍മിളയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഗോപാല്‍ ഷെട്ടി നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഊര്‍മിള വട്ടപൂജ്യമാണ്. ഊര്‍മിള മതോന്ദ്കര്‍ ഒരു താരമാണ്. 'അവരുടെ മുഖമാണ്' രാഷ്ട്രീയത്തിലേക്ക് അവരെ കൊണ്ടുവന്നതെന്നായിരുന്നു ഗോപാല്‍ ഷെട്ടിയുടെ പരിഹാസം. ഗോപാല്‍ ഷെട്ടിയുടെ പരിഹാസങ്ങള്‍ക്കും ഊര്‍മിള മറുപടി നല്‍കി.
ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് നടക്കാന്‍ പോകുന്നതെന്ന് ഗോപാല്‍ ഷെട്ടി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം വളരെ മോശമായ കാര്യങ്ങള്‍ നിര്‍ത്താതെ എന്നെക്കുറിച്ച് പറയുകയാണ്. വൈകാരിക യുദ്ധത്തിലാണ് അദ്ദേഹവും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ വരുന്നില്ല. ഇത്തരം രാഷ്ട്രീയത്തില്‍ പൂജ്യമായിരിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളെന്നും ഊര്‍മിള പറഞ്ഞു.
