ദില്ലി: രാജ്യത്തിന്‍റെ ഭരണം തീരുമാനിക്കുന്ന, ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ നൽകിയ ഉത്തർപ്രദേശിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേത് പോലെ മൃഗീയ ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളുടെ പൊതുചിത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്നാ ദളിന് 2 സീറ്റുകളും സമാജ്‍വാദി പാർട്ടിക്ക് 5 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയപ്പോൾ ബിഎസ്‍പിക്ക് കഴിഞ്ഞ തവണ സീറ്റുണ്ടായിരുന്നില്ല. കഴി‌ഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പിൽ 282 സീറ്റെന്ന നിലയിലേക്ക് ബിജെപിയെ ഉയർത്തിയതിൽ യുപിയിൽ അവർ നേടിയ 71 സീറ്റുകൾക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.

എന്നാൽ ഇക്കുറി ഉത്തർ പ്രദേശിൽ മഹാസഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് ഒരു വിഭാഗം എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുമ്പോൾ വൻ തിരിച്ചടി നേരിടാതെ ബിജെപി പിടിച്ചുനിൽക്കുമെന്ന് ചില സർവേകൾ പറയുന്നു. എന്നാൽ ബിജെപിക്ക് കാര്യമായ യാതൊരു ക്ഷീണവും ഉത്തർപ്രദേശിൽ ഉണ്ടാകില്ലെന്ന് പ്രവചിക്കുന്ന ഒന്നുരണ്ട് എക്സിറ്റ് പോൾ ഫലങ്ങളെങ്കിലും ഉണ്ട്. 

എബിപി ന്യൂസ് നീൽസൺ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത് യോഗി ആദിത്യനാഥിന്‍റെ തട്ടകത്തിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്നാണ്. 22 സീറ്റുകൾ മാത്രമേ ബിജെപി ഉത്തർപ്രദേശിൽ നേടുകയുള്ളൂ എന്ന് ഈ സർവേ പറയുന്നു. എന്നാൽ ഇന്ത്യാ ടുടേ, ആക്സിസ് മൈ ഇന്ത്യ സർവേ യുപിയിൽ ബിജെപി 48 ശതമാനം വോട്ടും 62 മുതൽ 68 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ഈ സർവേ പ്രകാരം മഹാസഖ്യം 10 മുതൽ 16 സീറ്റുകൾ മാത്രമേ നേടുകയുള്ളൂ. ഉത്തർപ്രദേശിനെക്കുറിച്ചുള്ള എക്സിറ്റ് പോൾ സർവേകളുടെ വിഭിന്നചിത്രം ഈ രണ്ട് സർവേ ഫലങ്ങളിൽ നിന്നുതന്നെ വ്യക്തം.

ടൈസ് നൗ, വിഎംആർ സർവേ യുപിയിൽ എൻഡിഎക്ക് 58 സീറ്റുകൾ പ്രവചിക്കുന്നു. കോൺഗ്രസിന് രണ്ടും മഹാസഖ്യത്തിന് 20 സീറ്റുകളുമാണ് ടൈംസ് നൗ സർവേ നൽകുന്നത്. എന്നാൽ എബിപി എസി നീൽസൺ എക്സിറ്റ് പോളിന്‍റെ പ്രവചനം ഇതിന് കടകവിരുദ്ധം. ബിജെപിക്കും സഖ്യകക്ഷികൾക്കുമായി എബിപി ന്യൂസിന്‍റെ സർവേ നൽകുന്നത് 22 സീറ്റുകൾ മാത്രം. എന്നാൽ എസ്‍പി, ബിഎസ്‍പി മഹാസഖ്യത്തിന്  56 സീറ്റുകളുണ്ട്. 2014ൽ കോൺഗ്രസ് നേടിയ രണ്ട് സീറ്റുകൾ മാത്രം കോൺഗ്രസിനും എബിപി ന്യൂസ് നൽകുന്നു. അതായത് റായ് ബറേലിയും അമേത്തിയും.

റിപ്പബ്ലിക്ക് ടി വി സി വോട്ടർ സർവേ പ്രകാരം ഉത്തർ പ്രദേശിൽ എൻഡിഎ 38 സീറ്റുകൾ നേടും. മഹാസഖ്യമാകട്ടെ 40 സീറ്റുക8, കോൺഗ്രസ് രണ്ട്. റിപ്പബ്ലിക്ക് ടിവി തന്നെ ജൻ കി ബാത്തുമായി ചേർന്ന് നടത്തിയ സർവേയിൽ എൻഡിഎക്ക് 46 മുതൽ 57 വരെ സീറ്റുകളും മഹാസഖ്യത്തിന് 21 മുതൽ 32 സീറ്റുകളും പ്രവചിക്കുന്നു. കോൺഗ്രസിന് ഈ സർവേയിലും രണ്ട് സീറ്റ് തന്നെ, രാഹുലിന്‍റേയും സോണിയയുടേയും മണ്ഡലങ്ങൾ.

എസ്‍പിയും ബിഎസ്‍പിയും ആർഎൽഡിയും ബിജെപിക്കെതിരെ അതിശക്തമായ മത്സരമാണ് പുറത്തെടുത്തത്. രാഹുൽ ഗാന്ധി മത്സരിച്ച അമേത്തിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും മഹാസഖ്യത്തിന് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, ഡിംപിൾ യാദവ്, ബിജെപി നേതാക്കളായ മനേക ഗാന്ധി, വരുൺ ഗാന്ധി റീത്ത ബഹുഗുണ ജോഷി തുടങ്ങിയ ഒട്ടേറെ നേതാക്കളുടെ രാഷ്ട്രീയ ഭാവിയിൽ തന്നെ നിർണ്ണായകമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. 

ഇതിനെല്ലാമപ്പുറം ദേശീയ രാഷ്ട്രീയത്തിന്‍റെ ചിത്രം നിർണ്ണയിക്കുന്നതിൽ ഉത്തർപ്രദേശിലെ ജനവിധി ഏറ്റവും നിർണ്ണായകമാകും. എക്സിറ്റ് പോളുകളിൽ ഏകാഭിപ്രായം ഇല്ലാതാകുമ്പോൾ ഉത്തർപ്രദേശ് രാഷ്ട്രീയം അടുത്ത മൂന്ന് ദിവസത്തേക്കെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ പിടി കിട്ടാത്ത പ്രഹേളിക ആവുകയാണ്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.