തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫിന്‍റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. തെരഞ്ഞെടുപ്പിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്തെന്നുള്ള എസ്ഡിപിഐയുടെ  പരസ്യമായ വെളിപ്പെടുത്തൽ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യുഡിഎഫ് ആത്മവിശ്വാസത്തിന് പിന്നലെ ഘടകമെന്നും ബിജെപി നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുസ്ലിം ലീഗ് ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികാസമർപ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിൽ മുൻതൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനു പിന്നിലുള്ളത് അവരുടെ തീവ്രവാദ ബന്ധമാണെന്നു തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫിന് വോട്ട് ചെയ്തെന്ന എസ്.ഡി.പി.ഐയുടെ പരസ്യമായ വെളിപ്പെടുത്തൽ യു.ഡി.എഫിന്റെ തീരവാദ ബന്ധത്തിനു തെളിവാണ്. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്നു പിന്നിലെ ഘടകം. മുസ്ലിം ലീഗ് ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണെന്ന് ഞങ്ങൾ മുമ്പേ പറഞ്ഞതാണ്. അത് ഈ സമയത്ത് ഒരിക്കൽ കൂടി തെളിയുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികാസമർപ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ജി സൂചിപ്പിച്ചതുമാണ്. തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടിയുടേയും ഇ.ടി.മുഹമ്മദ് ബഷീറിന്റേയും നേതൃത്വത്തിൽ വിതച്ചതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്. തീവ്രവാദ ശക്തികളുമായുള്ള യു.ഡി.എഫിന്റെ ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ പുറത്തു വരും.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.