ശബരിമല യുവതീ പ്രവേശന വിധിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടാക്കിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിപിഎമ്മിന്‍റെ കുന്തമുന വിഎസ് തന്നെയാണ്.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടാക്കിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിപിഎമ്മിന്‍റെ കുന്തമുന വിഎസ് തന്നെയാണ്. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വേദികളില്‍ ഇതിനോടകം തന്നെ വിഎസ് സാന്നിധ്യം ആവേശമായി തുടങ്ങി.
പാര്‍ട്ടിയോടുള്ള വിയോജിപ്പുകള്‍ നിരന്തരം തുറന്നുപറയുമ്പോഴും പഴയ ഏറ്റുമുട്ടല്‍ ശൈലിയിലേക്ക് വിഎസ് ഇപ്പോള്‍ എത്താറില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടിക്കും മുന്നണിക്കുമൊപ്പം തന്നെയെന്നാണ് വിഎസിന്‍റെ പുതിയ നയം. എങ്കിലും ഇടതു കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചില മണ്ഡലങ്ങളുണ്ട്. അതിലൊന്ന് വടകരയാണ്. വടകരയില്‍ പി ജയരാജന് വോട്ട് ചോദിക്കാന്‍ വിഎസ് എത്തുമോ എന്നതാണ് ചോദ്യം.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിവസം ടിപിയുടെ വീട്ടിൽ പോയി കെകെ രമയെ ആശ്വസിപ്പിച്ചത് കേരള രാഷ്ട്രീയം വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. ഒരുപക്ഷെ ടിപി വധക്കേസില്‍ ഇന്നും ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഇന്ന് വടകരയില്‍ സ്ഥാനാര്‍ത്ഥി. വിഎസിന്‍റെ ആദ്യഘട്ട പ്രചാരണ ഷെഡ്യൂള്‍ പുറത്തിറങ്ങി കഴിഞ്ഞു. ഇതില്‍ വടകരയില്ല എന്നതാണ് ശ്രദ്ധേയം.
വിഎസ് വടകരയിലെത്തിയാല്‍ അത് പ്രതികൂലമായി ബാധിക്കുമോ എന്ന പേടിയും ഇടതുകേന്ദ്രങ്ങള്‍ക്കുണ്ട്. പ്രചാരണത്തിന് വിഎസ് എത്തുന്നതിന് പിന്നാലെ ടിപി വധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുമെന്നും ഇവര്‍ കരുതുന്നു. പ്രാദേശികമായ പാര്‍ട്ടി നിലപാടുകല്‍ക്കപ്പുറം വിഎസിന്‍റെ നിലപാട് തന്നെയാവും ഇതില്‍ പ്രധാനം. പാര്‍ട്ടിയുടെ അഭിമാന പോരാട്ടം വടകരയെ വിഎസ് ഒഴിവാക്കിയാല്‍ അത് മറ്റൊരു തരത്തില്‍ ചര്‍ച്ചയാകുമെന്നും ഉറപ്പാണ്. ഏപ്രില്‍ 12ന് മലപ്പുറത്തെത്തുന്ന വിഎസ് 13ന് കോഴിക്കോടും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിക്കും. എന്നാല്‍ അടുത്ത മണ്ഡലമായ വടകര ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മലപ്പുറത്ത് പ്രചാരണത്തിനെത്തുന്ന വിഎസ് മറ്റൊരു മണ്ഡലം കൂടി ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ മത്സരിക്കുന്ന പൊന്നാനി മണ്ഡലത്തിന്‍റെ പേരും വിഎസിന്‍റെ പ്രചാരണ പട്ടികയിലില്ല. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലടക്കം അന്‍വറിനെതിരെ നേരത്തെ വിഎസ് നിലപാടെടുത്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊന്നാനിയിലും വിഎസ് പ്രചരണത്തിനെത്തിയേക്കില്ലെന്നാണ് സൂചന.
ഏപ്രില്‍ ഒന്നിന് ആറ്റിങ്ങലിലും മൂന്നിന് കൊല്ലത്തും, ഏപ്രിയില്‍ ഏഴിന് തിരുവനന്തപുരത്തും എട്ടിന് പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലുമായി തെക്കന്‍ കേരളത്തില്‍ പ്രചാരണ പരിപാടികളില്‍ വിഎസ് പങ്കെടുക്കും. ഏപ്രില്‍ ഒമ്പതിന് പത്തനംതിട്ടയില്‍ വീണ്ടും പ്രചാരണത്തിനെത്തും. 15ന് വീണ്ടും തിരുവനന്തപുരത്ത്, 18,19 തിയതികളില്‍ പാലക്കാടും 20ന് ആലത്തൂരുമാണ് പ്രചരണ ഷെഡ്യൂളിലുള്ളത്.
