'തികച്ചും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. സത്യസന്ധമായി പറയുകയാണെങ്കിൽ എന്റെ കുടുംബത്തിൽ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴിൽ നേടാൻ സാധിക്കാതിരുന്ന നേട്ടമാണ് മോദിയിലൂടെ രാജ്യത്തിനുണ്ടായത്'-വരുൺ ഗാന്ധി പറഞ്ഞു.
ലഖ്നൗ: മറ്റൊരു പ്രധാനമന്ത്രിയുടെ കീഴിലും ഇന്ത്യയുടെ യശസ്സ് ഇത്ര കണ്ട് ഉയർന്നിട്ടില്ലെന്ന് ബിജെപി നേതാവ് വരുൺ ഗാന്ധി. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തികൊണ്ട് വരുൺ ഗാന്ധി രംഗത്തെത്തിയത്.
'തികച്ചും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. സത്യസന്ധമായി പറയുകയാണെങ്കിൽ എന്റെ കുടുംബത്തിൽ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴിൽ നേടാൻ സാധിക്കാതിരുന്ന നേട്ടമാണ് മോദിയിലൂടെ രാജ്യത്തിനുണ്ടായത്'- വരുൺ ഗാന്ധി പറഞ്ഞു. മോദി രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും അതിന് വേണ്ടി മരിക്കാനും അദ്ദേഹം തയ്യാറാണെന്നും വരുൺ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽ മോദിക്കെതിരെ യാതൊരു തരത്തിലുള്ള അഴിമതി ആരോപണവും ഉണ്ടായിട്ടില്ല. കുടുംബം ഇല്ലാത്ത ഒരാൾ എന്തിന് വേണ്ടിയാണ് അഴിമതി നടത്തേണ്ടതെന്നും രാജ്യത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ ആശങ്കയെന്നും വരുൺ ഗാന്ധി പറഞ്ഞു.
മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മനേകാ ഗാന്ധി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പുരിലാണ് മത്സരിക്കുക. പിലിഭിത്തിൽ നിന്നും മത്സരിക്കുന്ന കാര്യം വ്യക്തമാക്കി കൊണ്ട് വരുൺ ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് കുടുംബപരമായ ബന്ധമുള്ള പിലിഭിത്തിലേക്ക് മടങ്ങാൻ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് വരുൺ ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. 2014-ലെ തെരഞ്ഞടുപ്പിൽ സുല്‍ത്താൻപൂരിൽ മത്സരിച്ച വരുൺ കോൺഗ്രസ് സ്ഥാനാർത്ഥി അമിത സിംഗിനെ പരാജയപ്പെടുത്തിയിരുന്നു.
