ചന്ദ്ര ഭദ്ര സിംഗിന്റെ ‘സോനു സിംഗ്’ എന്ന വിളിപ്പേരിനെ ചൂണ്ടിക്കാട്ടിയായിരുന്നു വരുൺ ഗാന്ധിയുടെ ആക്ഷേപം.

സുൽത്താൻപൂർ: ബിഎസ്പി സ്ഥാനാർത്ഥിയെ അധിക്ഷേപിച്ച് ബിജെപി നേതാവും പിലിഭിത്തിയിലെ സ്ഥാനാര്‍ത്ഥിയുമായ വരുൺ ​ഗാന്ധി. സുൽത്താൻപൂരിലെ ബിഎസ്പി സ്ഥാനാർത്ഥിയായ ചന്ദ്ര ഭദ്ര സിംഗിനെയും സഹോദരനെയുമാണ് വരുൺ ​ഗാന്ധി അധിക്ഷേപിച്ചത്. അദ്ദേഹത്തിന് തന്റെ ഷൂലേസ് അഴിക്കാനുള്ള യോ​ഗ്യതയെ ഒള്ളൂവെന്നായിരുന്നു വരുണിന്റെ പരാമർശം. സുൽത്താൻപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു വരുൺ ​ഗാന്ധി.

വരുൺ ​ഗാന്ധി ബിഎസ്പി സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്ര ഭദ്ര സിംഗിന്റെ ‘സോനു സിംഗ്’ എന്ന വിളിപ്പേരിനെ ചൂണ്ടിക്കാട്ടിയായിരുന്നു വരുൺ ഗാന്ധിയുടെ ആക്ഷേപം.

Scroll to load tweet…

'നിങ്ങൾ പേടിക്കേണ്ടത് ദൈവത്തെയാണ് അല്ലാതെ വേറെ ആരെയും അല്ല. അവരവർ ചെയ്ത തെറ്റുകളെയും പാപങ്ങളെയുമാണ് ജനങ്ങൾ പേടിക്കേണ്ടത്. ഏതെങ്കിലും ടോനുവിനെയോ മോനുവിനെയോ അല്ല. ഇതാ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. ഞാൻ സഞ്ജയ് ഗാന്ധിയുടെ മകനാണ്. ഇവരെ പോലുള്ളവർക്ക് എന്റെ ഷൂലേസ് അഴിക്കാനുള്ള യോ​ഗ്യതയെ ഉള്ളൂ'- വരുൺ ​ഗാന്ധി പറഞ്ഞു. 

അമ്മയും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്ക് വേണ്ടി സുൽത്താൻപൂരിൽ പ്രചാരണത്തിനെത്തിയതായിരുന്നു വരുൺ. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്നും വരുൺ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇത്തവണ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്ര​ദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്.