തിരുവനന്തപുരം: ഉപതെര‍‍ഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് മത്സരിച്ചേക്കും. സിപിഎം സംസ്ഥാന നേതൃത്വമാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതുസംബന്ധിച്ച് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേത്യത്വത്തിന്റെ നിർദ്ദേശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തില്‍ വി കെ പ്രശാന്തിന്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ച ചെയ്യും.

മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയും പ്രളയകാലത്തെ സഹായപ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിനു മുതല്‍ക്കൂട്ടാകുമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. വട്ടിയൂർക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയിലാണ് പ്രശാന്തിനെ കളത്തിലിറക്കാന്‍ സിപിഎം തീരുമാനിച്ചത്.

"

2015ലാണ് വി കെ പ്രശാന്ത് തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. ന​ഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പുത്തൻ പദ്ധതികൾ നടപ്പിലാക്കിയത് ഏറെ പ്രശംസാവാഹമായിരുന്നു. ഈ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ദുരിതബാധിത പ്രദേശങ്ങളിൽ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരിലും വലിയ അഭിന്ദനങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇത്തരം നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഎം വി കെ പ്രശാന്തിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാമെന്ന തീരുമാനത്തിൽ എത്തിയത്. 

എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിലയ ആശയക്കുഴപ്പത്തിലായിരുന്ന വട്ടിയൂർക്കാവിൽ തുടക്കം മുതൽ വി കെ പ്രശാന്തിന്‍റെ  പേര് തന്നെയാണ് ഉയർന്നുകേട്ടത്. ജില്ലയിൽ നിന്നുള്ള സംസ്ഥാനസമിതി അംഗങ്ങളടക്കം പ്രശാന്തിന്‍റെ പേരാണ് ഉയർത്തിക്കാട്ടിയത്. സംസ്ഥാന നേതൃത്വത്തിനും പ്രശാന്തിനോട് തന്നെയായിരുന്നു ആഭിമുഖ്യം. പ്രശാന്തിന്റെ പേര് കൂടാതെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുന്നോട്ട് വെച്ച കെ എസ് സുനിൽകുമാറിന്‍റെ പേരും പരിഗണനയിലുണ്ടായിരുന്നു.  

 "

പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പ്രശാന്ത് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പേരൂർക്കട ലോ അക്കാദമിയിൽ പഠിക്കുന്ന സമയത്ത് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ കഴക്കൂട്ടം ഏരിയ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രി ചെയ്തത്. ആ സമയത്ത് മാഗസിൻ എഡിറ്റർ, കോളേജ് യൂണിയൻ ചെയർമാൻ പദവികള്‍ വഹിച്ചിട്ടുണ്ട്. കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിലെ പ്രായം കുറഞ്ഞ മെമ്പറെന്ന പദവിയും പ്രശാന്തിന്റെ പേരിലാണുണ്ട്.തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് 3272 വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെയാണ് പ്രശാന്ത് വിജയിച്ചത്.