സിപിഎം സ്ഥാനാർത്ഥി വി എൻ വാസവനെ സഹായിക്കാനാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയതെന്ന് വിസി ചാണ്ടി


കോട്ടയം: പി ജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ചേർന്നാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം വിസി ചാണ്ടി പറഞ്ഞു. പാർട്ടിയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും സിപിഎം സ്ഥാനാർത്ഥി വി എൻ വാസവനെ സഹായിക്കാനാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയതെന്നും വി സി ചാണ്ടി പറഞ്ഞു. 

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളാ കോൺഗ്രസിനുള്ളിൽ നടക്കുന്നത്. വി സി ചാണ്ടിയ്ക്ക് സമാനമായി ജോസ് കെ മാണിയും കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവനുമായി രഹസ്യ കരാർ ഉണ്ടാക്കിയെന്ന് പി സി ജോർജും പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയ്ക്ക് വി എൻ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിൽത്തന്നെയാണ് സ്ഥിരം തോൽവിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന.

പാർട്ടിയുടെ വർക്കിംങ് പ്രസിഡന്‍റ് ആവശ്യപ്പെട്ടാൽ സീറ്റ് കൊടുക്കുകയെന്നുള്ളതാണ് മര്യാദയാണെന്നും അത് കൊടുക്കാതെയാണ് ഇപ്പോൾ സ്ഥിരം തോൽക്കുന്ന ഒരു ആളെപ്പിടിച്ച് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞിരുന്നു. പി ജെ ജോസഫിന് ചെയ്യാൻ രണ്ട് കാര്യങ്ങളുണ്ട്. രാഷ്ട്രീയം നിർത്തി പശുക്കറവയും കൃഷിയുമായി പോകാം. അത് ജോസഫിനിഷ്ടമുള്ള തൊഴിലാണ്. അല്ലെങ്കിൽ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചു കഴിഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം. ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കെന്ന സൂചന നൽകിയാണ് മാണിയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത്

 സഹോദരൻ ബാബു ചാഴിക്കാടന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എംഎൽഎ സ്ഥാനാർത്ഥിയായെത്തിയ തോമസ് ചാഴിക്കാടൻ പാർലമെന്‍റിലേക്കുള്ള മത്സര രംഗത്തെത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറയുമ്പോഴും ജോസഫിന്‍റെ നീക്കങ്ങള്‍ നിര്‍ണായകമാകും.