പൊതുമരാമത്ത്  വകുപ്പിന്‍റേത് മാത്രമായി രണ്ടായിരത്തിലധികം കോടി രൂപയുടെ പദ്ധതി കേരളസർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്നും കോഴഞ്ചേരി പാലമുൾപ്പെടെ പതിറ്റാണ്ടുകളായി ജില്ല ആഗ്രഹിച്ച പദ്ധതികളെല്ലാം ആരംഭിക്കാൻ പൂർത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്നും വീണാജോർജ്

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്‍റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോർജ്. പത്തനംതിട്ടയിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി ആറന്മുള എംഎൽഎ വീണാജോർജാണ് മത്സരിക്കുക. ആദ്യമായാണ് വീണാജോർജ് പാർലമെന്‍റിലേക്ക് മത്സരിക്കുന്നത്.കേരളത്തിൽ ഇരുപത് പാർലമെന്‍റ് മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കുമെന്നും വീണാജോർജ്. 

കഴിഞ്ഞ പത്ത് വർഷമായി പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ എന്തൊക്കെ വികസനപ്രവർത്തനങ്ങൾ നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം കഴിഞ്ഞ രണ്ടേ മുക്കാൽ വർഷം കൊണ്ട് സംസ്ഥാന സർക്കാർ എന്തൊക്കെ വികസനപ്രവർത്തനങ്ങളാണ് പത്തനംതിട്ടയിൽ കൊണ്ട് വന്നതെന്ന് പരിശോധിക്കപ്പെടുമെന്നും വീണാജോർജ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്‍റേത് മാത്രമായി രണ്ടായിരത്തിലധികം കോടി രൂപയുടെ പദ്ധതി കേരളസർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്നും കോഴഞ്ചേരി പാലമുൾപ്പെടെ പതിറ്റാണ്ടുകളായി ജില്ല ആഗ്രഹിച്ച പദ്ധതികളെല്ലാം ആരംഭിക്കാൻ പൂർത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്നും വീണാജോർജ് പറഞ്ഞു. വികസനത്തിന്‍റെ എല്ലാ മേഖലകളിലും വിപ്ലവകരമായ പ്രവർത്തനങ്ങളാണ് സർക്കാർ കൊണ്ട് വന്നതെന്നും വീണാജോർജ് എംഎൽഎ.

പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എകെജി സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.