തിരുവനന്തപുരം: രണ്ട് മാസം നീണ്ട ചൂടേറിയ പ്രചാരണകാലത്തിനൊടുവിൽ എന്‍ഡിഎ ഇന്ത്യ ഭരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ഫലമാണ് പുറത്തുവന്നത്. 543 മണ്ഡലങ്ങളിൽ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 

ദേശീയ തലത്തില്‍ 349ലധികം സീറ്റുകള്‍ സ്വന്തമാക്കി ആധികാരിക വിജയം ഉറപ്പിക്കുകയാണ് എന്‍ഡിഎ സഖ്യം. എന്നാല്‍ കോണ്‍ഗ്രസിന് അല്‍പ്പമൊരു ആശ്വാസം നല്‍കുന്ന റിസള്‍ട്ടാണ് കേരളത്തില്‍ നിന്നുള്ളത്. അതേസമയം ഇടതുപക്ഷത്തിന്‍റെ ശവപ്പറമ്പായി കേരളം മാറുകയും ചെയ്തു. ബംഗാളിലും ത്രിപുരയിലുമടക്കം ഒരു സീറ്റു പോലും സിപിഎമ്മിന് ലഭിച്ചിട്ടില്ല. കേരളത്തിലെ ഒരു സീറ്റിന് പുറമെ തമിഴ്നാടാണ് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്.

എന്നാല്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഒരു സീറ്റ് സ്വന്തമാക്കിയ എല്‍ഡിഎഫിനും സിപിഎമ്മിനും ഉള്ളതിനേക്കാള്‍ ആശ്വാസമാണ് മറ്റൊരാള്‍ക്ക് ആലപ്പുഴയിലെ ആരിഫിന്‍റെ മുന്നേറ്റം നല്‍കുന്നത്. കാരണം മറ്റൊന്നുമല്ല. തെരഞ്ഞെടുപ്പിന് മുമ്പ്  നടത്തിയ ഒരു പ്രസ്താവനയാണ് അദ്ദേഹത്തെ ധര്‍മ്മസങ്കടത്തിലാക്കിയത്. 

ആലപ്പുഴയില്‍ ആരിഫ് ജയിച്ചില്ലെങ്കില്‍ താന‍് മൊട്ടയടിക്കുമെന്നായിരുന്നു അന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇതിന്‍റെ ചുവടുപിടിച്ച് യുഡിഎഫ് നേതാക്കള്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ എല്‍ഡ‍ിഎഫിന് ആശ്വസിക്കാവുന്ന ഒരേയൊരു സീറ്റ് ആലപ്പുഴയാണ്. താന്‍ മൊട്ടയടിക്കുമെന്ന് രസത്തിന് പറഞ്ഞതാണെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നേരത്തെ തന്നെ കൈകഴുകിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം വെള്ളാപ്പള്ളിക്ക് ആശ്വാസം തന്നെയാണ്.