യനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന്  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മകന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വയനാട്ടില്‍ ആര് ജയിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സംശയമില്ലാതെ രാഹുല്‍ ഗാന്ധിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

ഇന്നലെ മകന്‍ തുഷാറിനൊപ്പം കണിച്ചുകുളങ്ങര വിഎച്ച്എസ്എസില്‍ എത്തി വോട്ട് ചെയ്ത ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. വെള്ളാപ്പള്ളി മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന സമയം തുഷാര്‍ മാറിനിന്നു. കുടുംബസമേതം എത്തിയ ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ച് എത്തിയില്ല. 

ജയിച്ച ശേഷം വയനാട് ഉപേക്ഷിച്ചാല്‍ അത് ജനങ്ങളോടുള്ള വഞ്ചനയാകും ആലപ്പുഴയില്‍ ആരിഫ് ജയിക്കും. ശബരിമല പല മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയാകും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃകോണ മത്സരം നടക്കുകയാണ്. കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി തന്നെയായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭാര്യ പ്രീതി നടേശനും മകളും മരുമകളുമടക്കം വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.