വടകരയിലെ പോരാട്ടത്തില്‍ ജയരാജന്‍റെ എതിരാളി ആരാണെന്നറിയാനുള്ള ആകാംഷ എങ്ങും നിറയവെയാണ് കോണ്‍ഗ്രസ് സാധ്യത പട്ടിക പുറത്തുവരുന്നത്. രണ്ടുവട്ടം ജയിച്ചുകയറിയ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ വിദ്യ ബാലകൃഷ്ണന് സാധ്യത തെളിയുകയാണ്. അവസാന നിമിഷം അട്ടിമറി ഉണ്ടായില്ലെങ്കില്‍ വടകരയില്‍ യുവ വനിതാ നേതാവാകും സ്ഥാനാര്‍ഥി
കോഴിക്കോട്: അഭിമാനപോരാട്ടത്തില്‍ ജയിച്ചുകയറുക എന്ന ഒരൊറ്റ അജണ്ട മാത്രമായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സിപിഎം മുന്നോട്ട് വച്ചത്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകമടക്കമുള്ള വിഷയങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ ജയരാജന്‍റെ വ്യക്തിപ്രഭാവവും സംഘടനാകരുത്തും മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലുകളാണ് പ്രവര്‍ത്തകരും നേതാക്കളും പങ്കുവച്ചത്.
വടകരയിലെ പോരാട്ടത്തില്‍ ജയരാജന്‍റെ എതിരാളി ആരാണെന്നറിയാനുള്ള ആകാംഷ എങ്ങും നിറയവെയാണ് കോണ്‍ഗ്രസ് സാധ്യത പട്ടിക പുറത്തുവരുന്നത്. രണ്ടുവട്ടം ജയിച്ചുകയറിയ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ വിദ്യ ബാലകൃഷ്ണന് സാധ്യത തെളിയുകയാണ്. അവസാന നിമിഷം അട്ടിമറി ഉണ്ടായില്ലെങ്കില്‍ വടകരയില്‍ യുവ വനിതാ നേതാവാകും സ്ഥാനാര്‍ഥി.
സ്വാശ്രയ ഫീസ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയാണ് വിദ്യ ശ്രദ്ധ നേടിയത്. കോഴിക്കോട് മൂന്നാലിങ്കലില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്ന വിദ്യയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വിദ്യ കോഴിക്കോട് കോര്‍പ്പറേഷന്‍ അംഗം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കോണ്‍ഗ്രസ് പാരമ്പര്യം പേറുന്ന വിദ്യ ചേവായൂര്‍ വാര്‍ഡില്‍ രണ്ട് വട്ടം വിജയം നേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് അഭിഭാഷക കൂടിയായ വിദ്യ.
