Asianet News MalayalamAsianet News Malayalam

അവസാനഘട്ട പോളിംഗിലും സംഘർഷമൊഴിയാതെ പശ്ചിമബംഗാൾ, ബൂത്ത് പിടിത്തം, ബോംബേറ്

കൊൽക്കത്ത നഗരത്തിൽ ഗിരീഷ് പാർക്കിന് സമീപം അക്രമികൾ ബോംബെറിഞ്ഞു. ഇതിന് തൊട്ടടുത്തുള്ള ബൂത്തിൽ വോട്ടെടുപ്പ് നിർത്തി വച്ചു. തൃണമൂൽ പ്രവർത്തകർ പലയിടത്തും ബൂത്ത് പിടിത്തവും അക്രമവും അഴിച്ചു വിടുന്നെന്ന് ആരോപണം. 

violence in bengal in last phase elections polling continues
Author
Kolkata, First Published May 19, 2019, 1:52 PM IST
  • Facebook
  • Twitter
  • Whatsapp

കൊൽക്കത്ത: അവസാനഘട്ട തെരഞ്ഞെടുപ്പിലും പശ്ചിമബംഗാളിൽ വ്യാപക അക്രമം. കൊൽക്കത്ത നഗരത്തിലുൾപ്പടെ പലയിടത്തും അക്രമവും ബൂത്ത് പിടിത്തവും സംഘർഷവും ബോംബേറും അരങ്ങേറി. നിരവധി സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ തകർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങളാണ് ഇന്ന് ജനവിധിയെഴുതുന്നത്. പഞ്ചാബിലും ഉത്തർപ്രദേശിലും 13 സീറ്റുകളിലും, 9 സീറ്റുകൾ പശ്ചിമബംഗാളിലും 8 സീറ്റുകൾ ബിഹാറിലും മധ്യപ്രദേശിലും 4 സീറ്റുകൾ ഹിമാചൽ പ്രദേശിലും മൂന്നെണ്ണം ജാർഖണ്ഡിലും ചണ്ഡീഗഢിൽ ഒരു സീറ്റിലും തെരഞ്ഞെടുപ്പ് നടക്കുന്നു. 

മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തെത്തുടർന്ന് ഒഴിവു വന്ന പനാജിയിലെ ഒരു സീറ്റിലേക്കും തമിഴ്നാട്ടിൽ നാല് നിയമസഭാ സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നു.

അക്രമങ്ങളുടെ പശ്ചിമബംഗാൾ

710 കമ്പനി കേന്ദ്രസേനയെ പശ്ചിമബംഗാളിൽ വിന്യസിച്ചെങ്കിലും നിരവധി ഇടങ്ങളിൽ അക്രമവും ബൂത്ത് പിടിത്തവും അരങ്ങേറി. രണ്ട് ബിജെപി സ്ഥാനാ‍ർത്ഥികൾക്കെതിരെ അക്രമമുണ്ടായി. കാർ തല്ലിത്തകർത്തു.

24 പർഗാനാസ് ജില്ലയിലാണ് ഏറ്റവുമധികം അക്രമം അരങ്ങേറിയത്. ഗിലാബേറിയയിൽ ബൂത്തിലേക്ക് ബോംബെറിഞ്ഞത് തൃണമൂൽ പ്രവർത്തകരാണെന്ന് ആരോപണമുയർന്നു. കേന്ദ്രസേന ബൂത്തിലേക്ക് കയറ്റിയില്ലെന്നും ഐഡി കാർ‍ഡ് ചോദിച്ചെന്നും കൊൽക്കത്ത സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി മാലാ റോയ് ആരോപിച്ചു. കൊൽക്കത്ത നഗരത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായതായും ആരോപണമുണ്ട്. 

24 നോർത്ത് പർഗാനാസിലെ സഷനിൽ ഗ്രാമീണർ പാരാമിലിട്ടറി ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഇവിടെ ജവാൻമാർ ജനങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ടെന്ന് ആരോപണമുയർന്നിരുന്നു. ഒരു ഗ്രാമീണന് അക്രമത്തിൽ പരിക്കേറ്റു. ഇയാളുടെ അമ്മ പൊലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞു. ഇതേത്തുടർന്ന് പോളിംഗ് അൽപസമയം നിർത്തി വച്ച ശേഷം വീണ്ടും തുടങ്ങിയിട്ടുണ്ട്. 

ഡയമണ്ട് ഹാർബറിലെ ബിജെപി സ്ഥാനാർത്ഥി നീലാഞ്ജൻ റോയ്ക്കെതിരെ ആക്രമണമുണ്ടായി. തൃണമൂൽ പ്രവർത്തർ ബഡ്ജ് ബ്രിഡ്ജിന്‍റെ അടുത്ത് വച്ച് റോയിയുടെ കാർ തല്ലിത്തകർത്തു. 

ജാദവ്പൂർ ബിജെപി സ്ഥാനാർത്ഥി അനുപം ഹസ്റയുടെ കാർ തല്ലിത്തകർത്തു. ഇതിന് പിന്നിൽ ടിഎംസി പ്രവർത്തകരാണെന്ന് ഹസ്റ ആരോപിച്ചു. ഭട്പാര ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർത്ഥി മദൻ മിത്രയുടെ ബൂത്ത് ഏജന്‍റിലെ പ്രിസൈഡിംഗ് ഓഫീസർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു. പാരാമിലിട്ടറി ഉദ്യോഗസ്ഥർ ബൂത്ത് ഏജന്‍റിനെ ബൂത്തിലേക്ക് കയറാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നു. 

പശ്ചിമബംഗാളിലെ ഇസ്ലാം പൂരിലും ബോംബേറുണ്ടായി. ഇവിടെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. ചില മാധ്യമപ്രവർത്തകരെ ഇവിടെ തടഞ്ഞുവച്ചിരിക്കുകയാണ്. 

ബസീർഹട്ടിലെ പോളിംഗ് സ്റ്റേഷന് മുന്നിൽ വോട്ടർമാർ ടിഎംസി പ്രവർത്തകർ ത‍ടഞ്ഞെന്നാരോപിച്ച് പ്രതിഷേധിച്ചു. 

മറ്റിടങ്ങളിൽ വലിയ അക്രമങ്ങളില്ല

പഞ്ചാബടക്കം മറ്റ് സംസ്ഥാനങ്ങളിൽ വലിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ ഉത്തർപ്രദേശിലെ ചന്ദ്രൗലിയിൽ ബിജെപി പ്രവർത്തകർ കയ്യിൽ മഷി പുരട്ടി വിട്ടെന്നും, പണം വാഗ്ദാനം ചെയ്തെന്നും ആരോപണമുയർന്നിട്ടുണ്ട്.

ബിഹാറിൽ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്‍റെ കാറിന്‍റെ ചില്ല് തകർത്തെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ഫോട്ടോഗ്രാഫറെ മർദ്ദിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. 

ഏഴാംഘട്ട തെരഞ്ഞെടുപ്പിൽ 1 മണി വരെ രേഖപ്പെടുത്തിയ ആകെ പോളിങ് - 39.85%

ബിഹാർ - 36.20%, ഹിമാചൽ പ്രദേശ് - 34.47%, മധ്യപ്രദേശ് - 43.89%, പഞ്ചാബ് - 36.66%, ഉത്തർപ്രദേശ് - 36.37%, പശ്ചിമബംഗാൾ - 47.55%, ജാർഖണ്ഡ് - 52.89%, ചണ്ഡീഗഢ് - 35.60%.

കൊൽക്കത്തയിൽ നിന്ന് ഞങ്ങളുടെ ക്യാമറാമാൻ അനന്തു പ്രഭ പകർത്തിയ ചിത്രങ്ങൾ:

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios