ലക്നൗ: വിവാദകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസം  എസ്പി-ബിഎസ്പി സഖ്യത്തിലെ നേതാക്കള്‍ പാക്കിസ്ഥാനികളാണെന്നാണ് വരുണ്‍ പറഞ്ഞത്. ഇതിന് പിന്നാലെ അമ്മയായ മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദമുയര്‍ത്തുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് വരുണ്‍.

വരുണിനിന്‍റെ വാക്കുകള്‍ ഇങ്ങനെ: ജനങ്ങള്‍ ഭാരത മാതാവിനായി വോട്ട് ചെയ്യണം. എന്‍റെ അമ്മ ഉത്തമമായ ഹൃദയത്തോടു കൂടിയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. നിങ്ങള്‍ മാതയ്ക്കായി വോട്ട് ചെയ്യണം, അത് ഭാരതമാതാവാണ്. നിങ്ങള്‍ ഹിന്ദുസ്ഥാനില്‍ ജീവിക്കുമ്പോള്‍ ഹിന്ദുസ്ഥാന് വേണ്ടി വോട്ട് ചെയ്യണം.

അല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുകയാണെനങ്കില്‍ അത് പാക്കിസ്ഥാന് ചെയ്യുന്നത് പോലെയാണെന്ന് വരുണ്‍ പറഞ്ഞു. നേരത്തെ, തന്‍റെ ഷൂവിന്‍റെ ലെയ്സ് കെട്ടുന്നവരാണ് അമ്മയ്ക്കെതിരെ മത്സരിക്കുന്നതെന്ന് വരുണ്‍ പറഞ്ഞിരുന്നു.

ബിഎസ്പി നേതാവും സുല്‍ത്താന്‍പൂരില്‍ മനോക ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്യുന്ന ചന്ദ്രബദ്ര സിംഗിനെയും സഹോദരന്‍ യഷ് ബദ്ര സിംഗിനെയും ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം.