തൃശൂർ: തൃശൂരില്‍ ജയിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റം നടത്താനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് തൃശൂരുകാര്‍ നല്‍കിയ മറുപടിയാണ് ബിജെപിയ്ക്ക് കിട്ടിയ വോട്ടുകളെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

പുതുക്കാട്, നാട്ടിക, തൃശൂര്‍ എന്നിവിടങ്ങളില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1.91 ലക്ഷം വോട്ടുകളുടെയും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 88,307 വോട്ടുകളുടെയും വർദ്ധനയാണുണ്ടായത്. തൃശൂരില്‍ ശബരിമല പ്രശ്നം ഉയർത്തിക്കാട്ടിയുളള പ്രചാരണതന്ത്രം വിജയിച്ചതിന്‍റെ തെളിവാണ് സുരേഷ് ഗോപിയ്ക്ക് കിട്ടിയ 2,93000 വോട്ടുകളെന്നാണ് ബിജപിയുടെ വിലയിരുത്തല്‍. 

കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന്‍റെ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് വലിയ ആത്മവിശ്വാസമാണ് പ്രവര്‍ത്തകർക്ക് നല്‍കിയിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും ബിജെപി ഇവിടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. മന്ത്രി സി രവീന്ദ്രനാഥിൻറെ പുതുക്കാട് മണ്ഡലത്തില്‍ ബിജെപിയും ഇടതുപക്ഷവും തമ്മിലുളള വ്യത്യാസം വെറും 4596 വോട്ടാണ്. ഇടതിന്‍റെ ശക്തികേന്ദ്രമായ നാട്ടികയിലാകട്ടെ 1960 വോട്ടും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും മാസങ്ങള്‍ക്കു മുമ്പേ അടിത്തട്ടില്‍ നിന്ന് തുടങ്ങിയ ചിട്ടയായ പ്രവര്‍ത്തനമാണ് ഗുണകരമായതെന്നാണ് വിലയിരുത്തല്‍. ഒപ്പം സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവും ഗുണം ചെയ്തു. അടുത്ത നിമയമസഭ തെരഞ്ഞെടുപ്പില്‍  തൃശൂര്‍ മണ്ഡലം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഒപ്പം പുതുക്കാടും വ്യക്തമായ മുന്നേറ്റം നടത്താനാകുമെനനാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.