ലഖ്‌നൗ: വോട്ട്‌ ചെയ്യാതിരിക്കാന്‍ വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരുടെ വിരലില്‍ ബലംപ്രയോഗിച്ച്‌ മഷി പുരട്ടിയെന്ന്‌ ആരോപണം. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലാണ്‌ സംഭവം. ബിജെപിക്ക്‌ വോട്ട്‌ ചെയ്യില്ലെന്ന്‌ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു അതിക്രമമെന്നും വോട്ടര്‍മാര്‍ പറയുന്നു.

താരാ ജീവാപൂര്‍ ഗ്രാമത്തിലെ ഒരുകൂട്ടം ജനങ്ങളാണ്‌ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. "അവര്‍ മൂന്നു പേരുണ്ടായിരുന്നു. ബിജെപിയില്‍ നിന്നുള്ളവരാണെന്ന്‌ പറഞ്ഞു. . ഞങ്ങള്‍ അവരുടെ പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യുമോ എന്ന്‌ ചോദിച്ചു. തുടര്‍ന്നാണ്‌ മഷി പുരട്ടിയത്‌. ഇനി നിങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യാനാവില്ലെന്നും ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു"- ഗ്രാമീണര്‍ ആരോപിക്കുന്നു. എല്ലാവര്‍ക്കും 500 രൂപ വീതം നല്‍കുകയും ചെയ്‌തു.

ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഗ്രാമീണരുടെ വോട്ടവകാശം നിഷേധിക്കില്ലെന്നും അധികൃതര്‍ പ്രതികരിച്ചു. വോട്ടര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വോട്ടെടുപ്പ്‌ തുടങ്ങുന്നതിനും മുമ്പായിരുന്നു ബലംപ്രയോഗിച്ചുള്ള മഷിപുരട്ടല്‍. ഉത്തര്‍പ്രദേശ്‌ ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ്‌ പാണ്ഡേ ആണ്‌ ചന്ദൗലിയിലെ സ്ഥാനാര്‍ത്ഥി.