തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയ്ക്ക് പിന്നാലെ പരാജയകാരണം വ്യക്തമാക്കി വി എസ് അച്യുതാനന്ദന്‍. ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ്. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്ന് വി എസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. 

മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു എന്ന് സാമാന്യമായി അനുമാനിക്കാം. കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണെന്ന് വി എസ് കൂട്ടിച്ചേര്‍ത്തി. അതോടൊപ്പം, ഇടതുപക്ഷത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. പറ്റിയ തെറ്റുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞുവെന്ന് വി എസ് വിശദമാക്കി.

തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയമെന്ന് വി എസ് വ്യക്തമാക്കുന്നു.
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.