കൊലപാതക രാഷ്ട്രീയമാണ് ആർഎംപി ചർച്ചയാക്കുന്നത്. അതിന്‍റെ ഫലം യുഡിഎഫിന് വന്നുചേരാനാണ് സാധ്യതയെന്നും എൻ വേണു

വടകര: കെ കെ രമയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. കോൺഗ്രസ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർഎംപി നേതാവ് പറഞ്ഞു.

കൊലപാതക രാഷ്ട്രീയമാണ് ആർഎംപി ചർച്ചയാക്കുന്നത്. അതിന്‍റെ ഫലം യുഡിഎഫിന് വന്നുചേരാനാണ് സാധ്യതയെന്നും ജയരാജന്‍റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടൽ പാർട്ടി നടത്തുമെന്നും എൻ വേണു പറഞ്ഞു. 

ആര്‍എംപി രൂപം കൊണ്ട ശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സ്വന്തം വോട്ടുകള്‍ സമാഹരിച്ചിരുന്നുവെങ്കിലും ഇത്തവണ കെ കെ രമയെ പൊതുസ്ഥാനാര്‍ത്ഥിയാക്കുമോയെന്ന ചര്‍ച്ച സജീവമായി ഉയര്‍ന്നിരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്‍റെ റോള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ കേസന്വേഷണം ചുരുട്ടിക്കെട്ടിയത് ജയരാജനെ രക്ഷിക്കാനായിരുന്നുവെന്ന് ആര്‍എംപി ഇപ്പോഴുമാരോപിക്കുന്നുണ്ട്. 

അതിനാല്‍ തന്നെ വടകരയിലേക്കുള്ള ജയരാജന്‍റെ അപ്രതീക്ഷിതമായ വരവ് ആര്‍എംപി ക്യാംപില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ 20000ത്തോളം വോട്ടാണ് ആര്‍എംപിക്കുള്ളത്. യുഡിഎഫ് വിട്ടെത്തിയ എല്‍ജെഡിയുടെ വോട്ട് എല്‍ഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തേകുമെന്നിരിക്കെ ആര്‍എംപിയുടെ വോട്ടുകള്‍ മതിയാകില്ല വിജയം തടയാന്‍.