പശ്ചിമ ബംഗാൾ കോൺഗ്രസിന്റെ മെഡിക്കൽ സെൽ അധ്യക്ഷൻ ഡോ. റസൂൽ കരീമിനെയാണ് പുറത്താക്കിയത്. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടേതാണ് തീരുമാനം.
കൊൽക്കത്ത: ഇടത് മുന്നണി സ്ഥാനാർഥി പട്ടികയിൽ പേര് കണ്ടതിനെ തുടർന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പശ്ചിമ ബംഗാൾ കോൺഗ്രസിന്റെ മെഡിക്കൽ സെൽ അധ്യക്ഷൻ ഡോ. റസൂൽ കരീമിനെയാണ് പുറത്താക്കിയത്. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടേതാണ് തീരുമാനം.
നിയമവിരുദ്ധമായി മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധം പുലർത്തിയെന്നാരോപിച്ചാണ് കരീമിനെതിരെ കമ്മിറ്റി നടപടി എടുത്തത്. ബംഗാളിൽ വെള്ളിയാഴ്ചയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ബിർബമിലെ സ്ഥാനാർത്ഥിയായാണ് കരീമിന്റെ പേർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പാർട്ടിയിൽ നിന്ന് രാജി വയ്ക്കാതെയാണ് കരീം ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് തയ്യാറായെന്നത് സ്‌പഷ്‌ടമായ കാര്യമാണെന്ന് ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം പാർട്ടിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കരീം രംഗത്തെത്തി.
