Asianet News MalayalamAsianet News Malayalam

മോദിയോ രാഹുലോ? എക്സിറ്റ് പോളുകൾ പറഞ്ഞതെന്ത്? എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുന്നതെങ്ങനെ?

പ്രധാനപ്പെട്ട എക്സിറ്റ് പോളുകളിൽ എട്ടിൽ എട്ടും എൻഡിഎക്ക് ഭൂരിപക്ഷം പ്രവചിക്കുകയാണ്. ഭൂരിഭാഗം എക്സിറ്റ് പോളുകളും വിശ്വസിക്കാമെങ്കിൽ ഹിന്ദി ഹൃദയഭൂമിയായ യുപിയിൽ കോൺഗ്രസിന് രണ്ടിൽക്കൂടുതൽ സീറ്റ് കിട്ടില്ല. 

what exit polls told about the loksabha election results 2019
Author
New Delhi, First Published May 22, 2019, 10:24 PM IST

ദില്ലി: എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിലാണ് വോട്ടെണ്ണൽ ദിവസത്തിൽ എൻഡിഎ. പ്രധാനപ്പെട്ട എക്സിറ്റ് പോളുകളിൽ ഏഴിൽ ഏഴും എൻഡിഎക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. മികച്ച ജനവിധിയോടെ അധികാരത്തിലെത്താമെന്ന ഈ പ്രവചനങ്ങളുടെ ബലത്തിൽ എൻഡിഎ 2.0 സർക്കാരിനൊരുങ്ങുകയാണ് ബിജെപി. 

തിങ്കളാഴ്ച അമിത് ഷാ ദില്ലിയിലെ അശോക ഹോട്ടലിൽ വിളിച്ചു ചേർത്ത എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിലും തുടർന്ന് നടന്ന വിരുന്നിലും പുതിയ സർക്കാരിന്‍റെ ബ്ലൂപ്രിന്‍റാണ് പ്രധാന ചർച്ചയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ദില്ലിയിൽ നടന്ന ഈ സഖ്യകക്ഷിയോഗത്തിൽ പുതിയ സർക്കാരിന്‍റെ നയരൂപീകരണത്തിന്‍റെ ബ്ലൂപ്രിന്‍റിൽ ഒപ്പു വച്ചു.

യോഗത്തിൽ 36 എൻഡിഎ സഖ്യകക്ഷികളുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുത്തു. മൂന്ന് സഖ്യകക്ഷികൾ പിന്തുണ അറിയിച്ച് കത്ത് നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അറിയിച്ചു. 

എക്സിറ്റ് പോളുകളിൽ നിന്ന് ലഭിച്ച ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഭരണകാലത്തെ നയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പുതിയ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ എൻഡിഎ സർക്കാരിന്‍റെ നയങ്ങളുടെ കേന്ദ്രബിന്ദുക്കൾ മൂന്നാണ്: ദേശീയത, ദേശസുരക്ഷ, വികസനം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പുതിയ നയത്തിലും ആവർത്തിക്കുന്നു. സാധാരണക്കാർക്കുള്ള ക്ഷേമപദ്ധതികൾക്കുള്ള ഊന്നലും നയങ്ങളിലുണ്ട്. 

ഇതിനിടെ, മോദി സത്യപ്രതിജ്ഞയ്ക്കൊരുങ്ങുകയാണെന്നും, അത് 2014-ൽ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാകുമെന്നും ദേശീയ മാധ്യമങ്ങളിലെ മുതിർന്ന മാധ്യമപ്രവർത്തകർ ട്വീറ്റ് ചെയ്യുന്നു. എല്ലാ കേന്ദ്രമന്ത്രിമാരും സ്വന്തം മന്ത്രാലയങ്ങളിൽ തിരിച്ചെത്തി ജോലികൾ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ നൂറ് ദിനത്തിന്‍റെ അജണ്ട തയ്യാറാക്കുകയാണ് മന്ത്രിമാരുടെ ആദ്യ ജോലി. 

എക്സിറ്റ് പോളുകൾ പറഞ്ഞതെന്ത്?

പ്രധാനപ്പെട്ട എക്സിറ്റ് പോളുകളിൽ എട്ടിൽ എട്ടും എൻഡിഎക്ക് ഭൂരിപക്ഷം പ്രവചിക്കുകയാണ്. ഭൂരിഭാഗം എക്സിറ്റ് പോളുകളും വിശ്വസിക്കാമെങ്കിൽ ഹിന്ദി ഹൃദയഭൂമിയായ യുപിയിൽ കോൺഗ്രസിന് രണ്ടിൽക്കൂടുതൽ സീറ്റ് കിട്ടില്ല. പോൾ ഓഫ് പോൾസ് കണക്കിലെടുത്താൽ എൻഡിഎക്ക് ഏതാണ്ട് 298 സീറ്റുകൾ ലഭിക്കും. കേവലഭൂരിപക്ഷത്തിന് 272 സീറ്റുകൾ ലഭിച്ചാൽ ഒരു സഖ്യത്തിന് സർക്കാർ രൂപീകരിക്കാം. കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഏതാണ്ട് 119 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനം. മറ്റുള്ളവർക്ക് 125 സീറ്റുകളും. എൻഡിഎയെ മറികടക്കാൻ കഴിയില്ലെന്നർത്ഥം.

543 ലോക്സഭാ മണ്ഡലങ്ങളിൽ 542 മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. തമിഴ്‍നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ അനധികൃതമായി പണം കണ്ടെത്തിയതിനെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. 

എക്സിറ്റ് പോളുകളുടെ കൃത്യതയെന്ത്?

സാധാരണ എല്ലാ എക്സിറ്റ് പോളുകളും തെറ്റിന്‍റെ ശതമാനത്തെക്കുറിച്ച് പറയാറുണ്ട്. 5 ശതമാനം വരെ തെറ്റ് വന്നേക്കുമെന്ന മുന്നറിയിപ്പോടെയാണ് പലപ്പോഴും എക്സിറ്റ് പോളുകൾ പുറത്തു വിടാറ്. പക്ഷേ, 2009-ലെയും 2004-ലെയും എക്സിറ്റ് പോൾ ഫലങ്ങൾ പലതും തെറ്റിപ്പോയിരുന്നു.

2004-ൽ വാജ്‍പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും തകിടം മറിച്ചു കൊണ്ട്, യുപിഎ അധികാരത്തിലെത്തി. 2009-ലാകട്ടെ മിക്ക എക്സിറ്റ് പോളുകളും യുപിഎയുടെ വോട്ട് കുത്തനെ ഇടിയുമെന്നാണ് പ്രവചിച്ചത്. അതും തെറ്റി. എന്നാൽ 2014-ൽ മോദി അധികാരത്തിലെത്തുമെന്ന് തന്നെയാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. അത് സത്യമാവുകയും ചെയ്തു. 

എക്സിറ്റ് പോളുകൾ താരതമ്യം ചെയ്താൽ:

 
Follow Us:
Download App:
  • android
  • ios