Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ കരുത്തന്‍ എങ്ങുമല്ലാതാവുമ്പോള്‍; പി ജയരാജന്റെ രാഷ്ട്രീയ ഭാവി എന്ത്?

സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും ഭാവിയില്‍ ജയരാജനെ തേടിയെത്തുമെന്ന് വിശ്വസിക്കുന്ന അണികള്‍ക്ക് അതുവരെ ആശ്വസിക്കാം. എന്തായാലും സിപിഎമ്മിന്‍റെ അടുത്ത സംസ്ഥാന സമ്മേളനം അത്യന്ത്യം അവേശം നിറയുന്നതാകുമെന്നുറപ്പാണ്

what is the political future of p jayarajan
Author
Kannur, First Published May 23, 2019, 11:57 PM IST

കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തിലെന്നല്ല കേരള രാഷ്ട്രീയത്തിലെ തന്നെ കരുത്തനെന്നായിരുന്നു പി ജയരാജനെ പാര്‍ട്ടി അണികള്‍ വിശേഷിപ്പിച്ചിരുന്നത്. അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു പി ജെ, എങ്കിലും കേരളത്തിന്‍റെ അധികാരവഴികളില്‍ മറ്റാരെക്കാളും ശക്തനായിരുന്നു അദ്ദേഹം. സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിലെ പാര്‍ട്ടിയുടെ അമരക്കാരന്‍ എന്നതുതന്നെയായിരുന്നു ജയരാജനെ കേരള രാഷ്ട്രീയത്തിലെ കരുത്തനാക്കിയത്.

സാക്ഷാല്‍ പിണറായി വിജയന് ശേഷം കണ്ണൂരിലെ പാര്‍ട്ടിയില്‍ ഇത്രത്തോളം അപ്രമാദിത്വം നേടിയ നേതാവും മറ്റാരുമല്ലെന്ന് അണികള്‍ പറയും. അതുതന്നെയാണ് പി ജയരാജന്‍ വിമര്‍ശിക്കപ്പെടാനും കാരണമായത്. ജില്ലയില്‍ പിണറായി കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനമുള്ള നേതാവായി വളര്‍ന്നത് മറ്റു പലര്‍ക്കും അത്ര രസിച്ചില്ല. പിന്നാലെയെത്തി ആരോപണങ്ങളും വിമര്‍ശനങ്ങളും. വ്യക്തിപൂജയ്ക്ക് മനസറിഞ്ഞ് പി ജെ പിന്തുണ നല്‍കിയെന്ന കുറ്റമായിരുന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിരത്തിയത്.

പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമേറ്റുവാങ്ങി മടങ്ങുമ്പോഴും അണികള്‍ക്കിടയില്‍ ജയരാജന്‍റെ സ്വീകാര്യതയ്ക്ക് ഉലച്ചില്‍ സംഭവിച്ചില്ല. കൊലപാതക രാഷ്ട്രീയമെന്ന ആരോപണം പാര്‍ട്ടിയെക്കാളും വേട്ടയാടിയത് ജില്ലാ സെക്രട്ടറിയെ തന്നെയായിരുന്നു. ഒടുവില്‍ പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ പാര്‍ട്ടി തന്നെ തീരുമാനിച്ചതായി പരസ്യമായ രഹസ്യ സംസാരങ്ങള്‍ പുറത്തുവന്നു.

പിന്നാലെയാണ് വടകര പിടിക്കാന്‍ ഇക്കുറി കരുത്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനിച്ചാല്‍ പിന്നെ ജയരാജന്‍ എതിര്‍ക്കില്ലല്ലോ. പാര്‍ട്ടി തീരുമാനം ശിരസാ വഹിച്ച് പി ജെ വടകരയിലെത്തി. ആദ്യ ലാപ്പില്‍ ജയരാജന്‍ തരംഗമാകുന്നുവെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നു. ജയരാജനും പാര്‍ട്ടിയും അണികളും എല്ലാം ആനന്ദത്തിലായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം ഞെട്ടിക്കുന്ന തീരുമാനം പുറത്തുവിട്ടത്. ലീഡര്‍ കരുണാകരന്‍റെ മകന്‍ കെ മുരളീധരന്‍ വടക്കന്‍ മണ്ണിലേക്ക് മടങ്ങിയെത്തുന്നു. കോഴിക്കോട് പാര്‍ലമെന്‍റ് സീറ്റില്‍ രണ്ടുവട്ടം വിജയിച്ചതിന്‍റെ അനുഭവ സമ്പത്തുമായി മുരളി വട്ടിയൂര്‍ക്കാവില്‍ നിന്ന് വണ്ടി കയറിയതോടെ സിപിഎം അപകടം മണത്തു.

ജയരാജന്‍-മുരളിധരന്‍ പോരാട്ടം അങ്ങനെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായി. കൂത്തുപറമ്പിന്‍റെ മണ്ണില്‍ നിന്ന് കേരള ചരിത്രത്തില്‍ അതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ജയിച്ച് നിയമസഭയിലെത്തിയതിന്‍റെ വീര്യവുമായി അടവുകളെല്ലാം പയറ്റിയിട്ടും ജയരാജന് തോറ്റുമടങ്ങാനായിരുന്നു വിധി. മുരളി പ്രഭാവത്തിന് മുന്നില്‍ ജയരാജശോഭ നിഷ്പ്രഭമായി. ഏകദേശം ഒരു ലക്ഷത്തോളം വോട്ടിന്‍റെ പരാജയമേറ്റുവാങ്ങും കണ്ണൂരിലെ കരുത്തനെന്ന് ആരും ചിന്തിച്ചിരുന്നില്ല.

വടകരയിലെ തോല്‍വിക്കു പിന്നാലെ ജയരാജന്‍റെ രാഷ്ട്രീയ ഭാവി എന്താകും എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്. പാര്‍ട്ടിക്കുവേണ്ടി എല്ലാ വിമര്‍ശനങ്ങളും നെഞ്ചേറ്റിയ ജയരാജനെ പാര്‍ട്ടി ഇനി എന്തു ചെയ്യും. വ്യക്തി പൂജയടക്കമുള്ള ആരോപണങ്ങളിലെ കുറ്റ വിചാരണ പാര്‍ട്ടി നടത്തുമോ? അരിയില്‍ ഷുക്കൂര്‍ വധക്കേസിലടക്കമുള്ള പൊലീസിന്‍റെ കുറ്റപത്രം നിയമപരമായി നേരിടുന്ന പി ജെയെ സംബന്ധിച്ചടുത്തോളം പാര്‍ട്ടിയുടെ വിചാരണ സഹിക്കാവുന്നതിലും അപ്പുറമാകും. എന്തായാലും തോല്‍വിയോടെ ജയരാജനെതിരായ പാര്‍ട്ടി നേതൃത്വത്തിന്‍റെ അസ്വാരസ്യങ്ങള്‍ താത്കാലികമായി ശാന്തമാകുമെന്നുറപ്പാണ്.

അപ്പോഴും, ജയരാജന്‍റെ രാഷ്ട്രീയ ഭാവി എന്തെന്ന ചോദ്യം ബാക്കിയാണ്. പാര്‍ട്ടി കീഴ്വഴക്കം അനുസരിച്ച് സ്ഥാനമൊഴിഞ്ഞ സെക്രട്ടറിമാര്‍ തിരിച്ച് സ്ഥാനത്തെത്തുക എളുപ്പമല്ല. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെയെത്തിക്കാന്‍ നേതൃത്വത്തിനും താത്പര്യവുമുണ്ടാകില്ല. അങ്ങനെയൊരു താത്പര്യമുണ്ടായിരുന്നെങ്കില്‍ വടകര പിടിക്കാന്‍ നിയോഗം മറ്റൊരാള്‍ക്കാകുമായിരുന്നല്ലോ?. നിയമസഭാ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണെങ്കില്‍ സാധ്യത തീരെയില്ല. വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് സിപിഎം മികച്ച സ്ഥാനാര്‍ത്ഥിയെ തേടുന്നത്. മുരളിയോട് തോറ്റ പി ജയരാജനെ വട്ടിയൂര്‍ക്കാവിലിറക്കാന്‍ അത്ഭുതം സംഭവിക്കണം.

ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും യാഥര്‍ത്ഥ്യമായില്ല. താരതമ്യേന ജൂനിയേഴ്സായ പി രാജിവും കെ എന്‍ ബാലഗോപാലും സെക്രട്ടേറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പി ജയരാജന്‍ പരിഭവിച്ചില്ല. എല്ലാം പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്ന പി ജെ അങ്ങനെയാണെന്ന് അണികള്‍ പറയും. അതുകൊണ്ടു തന്നെ കണ്ണൂരിലെ കരുത്തന്‍ തോല്‍വിയില്‍ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് അവര്‍ക്കറിയാം. പാര്‍ട്ടിക്കുവേണ്ടി വടകരയില്‍ പൊരുതി വീണ ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഉള്‍പ്പെടുത്തുമോയെന്നതാണ് ഇനി അറിയാനുള്ളത്.

അടുത്ത സംസ്ഥാന സമ്മേളനത്തിന് ശേഷം മാത്രമേ അത്തരമൊരു തീരുമാനത്തിന് സാധ്യതയുള്ളു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നവര്‍ സ്വാഭാവികമായും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാറുണ്ട്. എന്നാല്‍ കണ്ണൂരില്‍ നിന്ന് സംസ്ഥാന സെക്രട്ടേറ്റില്‍ ഇപ്പോള്‍ തന്നെ അംഗങ്ങള്‍ കൂടുതലാണെന്ന വിമര്‍ശനങ്ങളെ കൂട്ടുപിടിച്ച് ജയരാജനെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കം ഉണ്ടാകുമെന്നുറപ്പാണ്. പക്ഷെ, മരിച്ചെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ച് പോയപ്പോള്‍ മുറി കൂടി ജീവിതത്തിലേക്ക് തിരികെ വന്ന പോരാട്ട വീര്യം പേറുന്ന പി ജെയെ തോല്‍പ്പിക്കാന്‍ അത്ര എളുപ്പമാകില്ല. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും ഭാവിയില്‍ ജയരാജനെ തേടിയെത്തുമെന്ന് വിശ്വസിക്കുന്ന അണികള്‍ക്ക് അതുവരെ ആശ്വസിക്കാം. എന്തായാലും സിപിഎമ്മിന്‍റെ അടുത്ത സംസ്ഥാന സമ്മേളനം അത്യന്ത്യം അവേശം നിറയുന്നതാകുമെന്നുറപ്പാണ്.

Follow Us:
Download App:
  • android
  • ios