Asianet News MalayalamAsianet News Malayalam

എന്താണ് വിവിപാറ്റ്? തെരഞ്ഞെടുപ്പ് ഫലം അറിയാൻ കൂടുതൽ നേരം കാത്തിരിക്കേണ്ടി വരുമോ?

 

വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് വിവിപാറ്റുകളുടെ ഗുണം. നിലവിലെ ഇലക്ഷൻ പ്രക്രിയിൽ എന്ത് മാറ്റമാണ് വിവിപാറ്റ് മെഷീൻ ഉണ്ടാക്കുക. തെരഞ്ഞെടുപ്പ് ഫലം അറിയാൻ കൂടുതൽ നേരം കാത്തിരിക്കേണ്ടി വരുമോ ? പരിശോധിക്കാം.

what is vvpat everything you  need to know
Author
Delhi, First Published Apr 8, 2019, 3:12 PM IST

വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍' എന്നതിന്‍റെ ചുരുക്കെഴുത്താണ് വിവിപാറ്റ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമാണ് വിവിപാറ്റുകൾ നിർമ്മിക്കുന്നത്.  ഇലക്രട്രോണിക് വോട്ടിങ്ങ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്‍ററാണ്  ലളിതമായി പറഞ്ഞാൽ വിവിപാറ്റ് . പ്രിന്‍ററും പ്രിന്‍റ് ചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന പെട്ടിയും  സ്റ്റാറ്റസ് ഡിസ്പ്ലേ യൂണിറ്റുമടക്കം രണ്ട് ഘടകങ്ങളാണ് വിവിപാറ്റിന് ഉള്ളത്.  വോട്ടർ ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ  വിവിപാറ്റിൽനിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

വോട്ടർമാർക്ക് ആ പേപ്പർ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന്  ഏഴ് സെക്കന്‍റ് സമയമാണ് ലഭിക്കുക. രസീതുകൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ ആകില്ല. ഏഴ് സെക്കന്‍റിന് ശേഷം രസീതുകൾ വിവിപാറ്റ് മെഷീനിന്‍റെ അടിഭാഗത്തെ പെട്ടിയിലേക്ക് വീഴും തുടർന്ന് ഒരു ബീപ് ശബ്ദം മെഷീനിൽ നിന്ന് കേൾക്കും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു എന്നർത്ഥം.

ബാലറ്റ് യൂണിറ്റിനും കൺ‍ട്രോൾ യൂണിറ്റിനുമിടയിലാണ് വിവപാറ്റ് ഘടിപ്പിക്കുന്നത്. പോളിംഗ് കഴിഞ്ഞ ഉടൻ തന്നെ വിവിപാറ്റുകൾ പെട്ടിയിലാക്കി സീൽ ചെയ്യുകയാണ് നിലവിലെ രീതി.

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസർ തലത്തിൽ തയ്യാറാക്കിയ ശേഷമാണ് വിവിപാറ്റ് തയ്യാറാക്കുന്നത് സ്ഥാനാർത്ഥികളുടെ സീരിയൽ നമ്പർ, പേര്, ഇലക്ഷൻ ചിഹ്നം എന്നിവയോടൊപ്പം നോട്ടയുടെ സീരിയൽ നമ്പറും ഇലക്ഷൻ കമ്മീഷൻ അംഗീകൃത എഞ്ചിനീയറാണ് വിവിപാറ്റുകളിൽ അപ്ലോഡ് ചെയ്യുന്നത്. 

ഇപ്പോൾ ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു മെഷീനിലെ സ്ലിപ്പാണ് എണ്ണുന്നത്. ഇന്നത്തെ സുപ്രീംകോടതി വിധി അനുസരിച്ച്, ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റുകൾ എണ്ണണം. കേരളത്തിന്‍റെ കാര്യത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലെ 700 മെഷീനുകൾ . വോട്ടിംഗ് ട്രെൻഡ് പ്രതിഫലിക്കുന്ന രീതിയിലാണ് വിവിപാറ്റ് എണ്ണേണ്ട മെഷീനുകൾ തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ ഏതാണ്ട് മൂന്നര മുതൽ നാല് ലക്ഷം വോട്ടുകൾ എണ്ണേണ്ടി വരുമെന്നർത്ഥം. ഇതിന് ഇപ്പോഴുള്ളതിനേക്കാൾ സമയമെടുക്കുമെന്നുറപ്പ്.

നിലവിൽ ഒരു വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണാൻ ഒരു മണിക്കൂറാണ് വേണ്ടത്. അഞ്ച് വിവിപാറ്റുകൾ എണ്ണാൻ ഇതനുസരിച്ച് ഫലം പ്രഖ്യാപിക്കാൻ അഞ്ച് മണിക്കൂ‍ർ അധികം വേണ്ടി വരുമെന്നാണ് ഇലക്ഷൻ കമ്മീഷൻ കണക്ക് കൂട്ടുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ ഫലം അറിയാൻ ചിലപ്പോൾ രാത്രി വരെ കാക്കേണ്ടിവരും. ധാരാളം തർക്കങ്ങൾ വരാം, റീ കൗണ്ടിംഗ് വരാം. ഇതൊക്കെ മറികടക്കാൻ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ആളുകളെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുമോ എന്ന കാര്യമൊക്കെ ഇനി കണ്ടറിയണം. 

 

 

Follow Us:
Download App:
  • android
  • ios