'റായ്‍ബറേലിയിൽ മത്സരിക്കുമോ?', എന്ന് പാർട്ടി പ്രവർത്തകർ, 'വാരാണസിയായാൽ എന്താ' എന്ന് പ്രിയങ്ക. 

റായ്‍ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയിൽ താൻ മത്സരിച്ചാലെന്താ എന്ന കുസൃതിച്ചോദ്യവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മത്സരിക്കുമോ എന്ന കോൺഗ്രസ് പ്രവർത്തകരുടെ ചോദ്യത്തിനാണ് പ്രിയങ്കയുടെ ഈ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണയാത്രയ്ക്ക് ഉത്തർപ്രദേശിലെ റായ്‍ബറേലിയിൽ നിന്ന് ഇന്നലെ പ്രിയങ്ക തുടക്കം കുറിച്ചിരുന്നു. ഇന്ന് അയോധ്യയിലാണ് പ്രിയങ്കയുടെ പ്രചാരണപരിപാടികൾ. 

റായ്‍ബറേലിയിലെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രിയങ്ക പാർട്ടി പ്രവർത്തകരുമായി സംസാരിക്കാനെത്തിയത്. പാർട്ടി പ്രവർത്തകരെ കാണാൻ എത്താൻ കഴിയാതിരുന്നതിൽ അമ്മ സോണിയാ ഗാന്ധിക്ക് വിഷമമുണ്ടെന്നും, ഉടൻ തന്നെ പ്രചാരണത്തിന് സോണിയ എത്തുമെന്നും പ്രിയങ്ക പറഞ്ഞു. അപ്പോഴാണ് പ്രവർത്തകരിൽ ഒരാൾ ചോദിച്ചത്. ''എങ്കിൽ റായ്‍ബറേലിയിൽ നിന്ന് മത്സരിച്ചു കൂടേ?''. ''വാരാണസിയായാൽ എന്താ?'' എന്നായിരുന്നു ചിരിച്ചു കൊണ്ട് പ്രിയങ്കയുടെ മറുചോദ്യം.

പാർട്ടി പ്രവർത്തകരോട് നർമ്മം കലർന്ന ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് പ്രിയങ്കയുടെ പതിവാണ്. അമേഠിയിൽ പ്രചാരണത്തിനെത്തിയപ്പോൾ പ്രിയങ്കയും ഒരു പ്രവർത്തകനും തമ്മിലുള്ള സംഭാഷണം താഴെക്കാണാം:

Scroll to load tweet…

എന്തായാലും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന പ്രസ്താവന നടത്തിയതിന് പിറ്റേന്നാണ് പ്രിയങ്കയുടെ വാരാണസിയിൽ മത്സരിച്ചാലെന്ത് എന്ന പരാമർശം എന്നത് ശ്രദ്ധേയം. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയാണെന്നും പാർട്ടി പറഞ്ഞാൽ താൻ എവിടെ നിന്നും മത്സരിക്കുമെന്നുമാണ് പ്രിയങ്ക അമേഠിയില്‍ പറഞ്ഞത്. 

ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ്. മെയ് 23-നാണ് ഫലം.