Asianet News MalayalamAsianet News Malayalam

വോട്ടിംഗ് ശതമാനം വർദ്ധിച്ചത് എന്തുകൊണ്ട്? ബിജെപി, കോൺഗ്രസ്, സിപിഎം പ്രതികരണങ്ങൾ

കേരളത്തിലെ പോളിംഗ് ശതമാനം ഇത്തവണ കുത്തനെ ഉയർന്നു. എന്തുകൊണ്ടാണ് പോളിംഗ് ശതമാനം ഉയർന്നതെന്ന് ന്യൂസ് അവറിൽ പങ്കെടുത്ത മൂന്ന് പ്രമുഖ കക്ഷികളുടേയും നേതാക്കൾ വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകിയത്. ഇതിൽ ഏതാണ് വാസ്തവം എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

why polling percentage increased in kerala?
Author
Thiruvananthapuram, First Published Apr 23, 2019, 9:38 PM IST

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 74.02 ആയിരുന്നു. എന്നാൽ  ഇത്തവണ പോളിംഗ് ശതമാനം 77 ശതമാനം പിന്നിട്ടിരിക്കുന്നു. രാത്രി വൈകിയും ചിലയിടത്ത് പോളിംഗ് തുടരുകയാണ് അവസാന ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം ഇനിയും ഉയർന്നേക്കാം. എന്തുകൊണ്ടാണ് പോളിംഗ് ശതമാനം കുത്തനെ ഉയർന്നതെന്ന് ന്യൂസ് അവറിൽ പങ്കെടുത്ത മൂന്ന് പ്രമുഖ കക്ഷികളുടേയും നേതാക്കൾ വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകിയത്. ഇതിൽ ഏതാണ് വാസ്തവം എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഏതായാലും വിശദീകരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. കേരളം മത്സരബുദ്ധിയോടെ വോട്ട് ചെയ്തത് എന്തുകൊണ്ടാകാം?

പി സി വിഷ്ണുനാഥ് (കോൺഗ്രസ്)

ജനങ്ങൾ തെരഞ്ഞെടുപ്പിനോട് വലിയ താൽപ്പര്യം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വമാണ് ഈ ആവേശം ഉണ്ടാക്കിയത്. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപിയുടെ അസഹിഷ്ണുത, സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ തകർച്ച, തീവ്രവാദിക്കേസിലെ പ്രതിയെ വരെ സ്ഥാനാർത്ഥിയാക്കിയതിലുള്ള ജനങ്ങളുടെ ആശങ്ക ഇതൊക്കെ പോളിംഗ് ശതമാനം ഉയർന്നതിൽ പ്രതിഫലിച്ചു. മോദിക്ക് മറുപടി നൽകണമെന്ന് ജനങ്ങൾ തീരുമാനിച്ച് ഉറച്ചിരുന്നു.

അതോടൊപ്പംകേരള സർക്കാരിന്‍റെ ധാർഷ്ഠ്യത്തിനും ധിക്കാരത്തിനും മറുപടി നൽകാൻ ജനങ്ങൾ കരുതിയിരിക്കുകയായിരുന്നു. ഒപ്പം കൊലപാതക രാഷ്ട്രീയം, ഭക്തരെ ആശങ്കപ്പെടുത്തുന്ന നടപടികൾ എന്നിവയ്ക്കും ജനങ്ങൾ ബാലറ്റിലൂടെ മറുപടി കരുതിവച്ചു. രണ്ട് സർക്കാരുകൾക്കും എതിരായ പ്രതിഷേധം ജനങ്ങൾ രേഖപ്പെടുത്തിയത് കാരണവും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയ ആവേശത്തിലുമാണ് പോളിംഗ് ശതമാനം ഉയർന്നത്.

പി കെ കൃഷ്ണദാസ് (ബിജെപി)

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അല്ല കേരളത്തിലെ പോളിംഗ് ശതമാനം ഉയർത്തിയത്.  അമേത്തിയിൽ പരാജയം ഉറപ്പിച്ച രാഹുൽ ഗാന്ധി കേരളത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു.  ഉത്തരേന്ത്യയിൽ എവിടെയും സുരക്ഷിതമായ മണ്ഡലം ഇല്ലാത്തതുകൊണ്ട് മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള വയനാട്ടിലേക്ക് വരേണ്ടിവന്നു. പക്ഷേ രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയതോടെ കോൺഗ്രസ് സിപിഎം സഖ്യം കേരളത്തിൽ മറ നീക്കി പുറത്തുവന്നു. സിപിഎമ്മിനെതിരെ ഒന്നും പറയില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞതോടെ എൻഡിഎയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ജനത്തിന് ബോധ്യപ്പെട്ടു. മോദി vs രാഹുൽ എന്ന നിലയിലേക്ക് കേരളത്തിലെ മത്സരം മാറി.

ഒപ്പം ബിജെപി ഉയർത്തിയ  വികസനം, വിശ്വാസം, സംരക്ഷണം എന്നിവയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ടത്. മോദി സർക്കാരിന്‍റെ രാഷ്ട്രസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും അനുകൂലമായി ജനങ്ങൾ പ്രതികരിച്ചു. അതുകൊണ്ടാണ് പോളിംഗ് ശതമാനം ഉയർന്നത്.

എം വി ഗോവിന്ദൻ (സിപിഎം)

പുതിയ വോട്ടർമാരുടെ എണ്ണം കേരളത്തിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാധ്യമങ്ങളെ കൂടി ഉപയോഗിച്ച് നല്ല ഇടപെടൽ നടത്തി. അതൊടൊപ്പം ഈ തെരഞ്ഞെടുപ്പ് ഒരു ജീവന്‍മരണ പോരാട്ടമാണെന്ന് ജനങ്ങൾ കരുതി. കേന്ദ്രസർക്കാരിനെതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറി. മോദി സർക്കാരിന് മറുപടി നൽകാനും വരാനിരിക്കുന്ന മതനിരപേക്ഷ സർക്കാരിൽ ശക്തമായ സ്വാധീനമാകാനും ഇടതുപക്ഷം ശക്തമാകണമെന്ന് കേരളം കരുതി പോളിംഗ് ബൂത്തിലേക്കെത്തി. പോളിംഗ് ശതമാനം ഉയരാൻ കാരണം അതാണ്.

എന്നാൽ മോദി, മോദി വിരുദ്ധർ എന്നിങ്ങനെ ജനങ്ങൾ രണ്ടായി പിരിഞ്ഞ അവസ്ഥയൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. കേരളത്തിൽ മത്സരം നടന്നത് കോൺഗ്രസും ഇടതുപക്ഷവും തമ്മിലാണ്. ആയിരക്കണക്കിന് ബൂത്തുകളിൽ ബിജെപിക്ക് ഏജന്‍റുമാർ പോലും ഉണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളിൽ പോലും ബിജെപിക്ക് ഏജന്‍റുമാർ ഉണ്ടായിരുന്നില്ല. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് ബിജെപി സംഘടിപ്പിച്ചത്, അതും എല്ലാ സ്ഥലത്തുമില്ല. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് ബിജെപി ഇത്തവണ മത്സരിച്ചത്.

Follow Us:
Download App:
  • android
  • ios