ഇടുക്കി: വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഇടുക്കിയിൽ എൽഡിഎഫിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ്. ഏഴ് നിയോജക മണ്ഡലത്തിൽ ഏതെങ്കിലുമൊന്നിൽ ലീഡ് നേടാനായാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വർണ്ണമോതിരം നൽകുമെന്നാണ് വെല്ലുവിളി. 

ഇടുക്കിയിൽ ഇത്തവണ അഭിമാന പോരാട്ടമാണ് യുഡിഎഫിനും കോണ്‍ഗ്രസിനും. കസ്തൂരിരംഗനിൽ തട്ടി കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് ഇത്തവണ ഏത് വിധേനയും തിരിച്ചുപിടിക്കണം. ഇതിനായി പിണക്കങ്ങളെല്ലാം മറന്ന് പാർട്ടിയും മുന്നണിയും പരിശ്രമിക്കുന്നുമുണ്ട്. ഇതിനിടെയാണ് എൽഡിഎഫിനെ ഡിസിസി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ മൂന്നിടത്ത് മാത്രമേ യുഡിഎഫിന് മുന്നിലെത്താനായിരുന്നുള്ളു. നിസാര വോട്ടുകൾക്കായിരുന്നു ആ മുന്നേറ്റം. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസ്ഥ അതിലും മോശമായിരുന്നു. അഞ്ചിടങ്ങളിലാണ് യുഡിഎഫ് പുറകിൽ പോയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫുള്ളത്.