ഇവിടെയാണ്‌ താന്‍ ജനിച്ചുവളര്‍ന്നത്‌. ഇവിടെത്തന്നെ മരിക്കണമെന്നാണ്‌ ആഗ്രഹം. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവരോട്‌ പുച്ഛമേയുള്ളെന്നും അവര്‍ പ്രതികരിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ താന്‍ രാജ്യം വിട്ട്‌ പോകുമെന്ന്‌ നടി ശബാന അസ്‌മി പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അവര്‍ ഇക്കാര്യത്തില്‍ പരസ്യപ്രസ്‌താവന നടത്തിയെന്ന്‌ പറഞ്ഞുള്ള ഫേസ്‌ബുക്ക്‌ പോസ്‌റ്റുകള്‍ നിരവധി പേരാണ്‌ ഷെയര്‍ ചെയ്‌തത്‌. വേഗം ബാഗ്‌ പാക്ക്‌ ചെയ്‌ത്‌ തയ്യാറായിരുന്നോളൂ എന്ന രീതിയില്‍ ശബാന അസ്‌മിക്കെതിരെ കമന്റുകളും വന്നു. എന്നാല്‍, അങ്ങനെയൊരു കാര്യം ശബാന അസ്‌മി പറഞ്ഞിട്ടേയില്ല എന്നതാണ്‌ സത്യം!

ഇത്തവണയും നരേന്ദ്രമോദി വിജയിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്‌താല്‍ ഞാന്‍ രാജ്യം വിട്ട്‌ പോകും-ശബാന അസ്‌മി. അവരുടെ ഫോട്ടോയൊടൊപ്പം പ്രചരിച്ച ഫേസ്‌ബുക്കിലെ പോസ്‌റ്റിലെ വാചകം ഇങ്ങനെയായിരുന്നു. നമോ എഗയ്‌ന്‍2019 എന്ന ഗ്രൂപ്പില്‍ രാഹുല്‍ മിശ്ര എന്നയാളാണ്‌ ഇത്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. എന്നാല്‍, ഇങ്ങനെയൊരു കാര്യം ശബാന അസ്‌മി പറഞ്ഞതായി കണ്ടെത്താനായിട്ടില്ലെന്ന്‌ ഇന്ത്യാ ടുഡേ ആന്റി ഫേക്ക്‌ ന്യൂസ്‌ റൂം അന്വേഷണസംഘം പറയുന്നു. വാര്‍ത്ത ശബാന അസ്‌മി നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്‌.

തനിക്ക്‌ രാജ്യം വിട്ടുപോകാന്‍ യാതൊരു ഉദ്ദ്യേശവുമില്ലെന്ന്‌ ശബാന അസ്‌മി പ്രതികരിച്ചു. ഇവിടെയാണ്‌ താന്‍ ജനിച്ചുവളര്‍ന്നത്‌. ഇവിടെത്തന്നെ മരിക്കണമെന്നാണ്‌ ആഗ്രഹം. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവരോട്‌ പുച്ഛമേയുള്ളെന്നും അവര്‍ പ്രതികരിച്ചു. ഇപ്പോള്‍ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന്‌ വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്ന തിരക്കിലാണ്‌ ശബാന അസ്‌മി.