പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്‍റെ പേരടങ്ങിയ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതെന്ന് പറഞ്ഞ സിദ്ദിഖ്, ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ വരുമെന്നാണ് പ്രതീക്ഷിയെന്നും കൊച്ചിയിൽ പറഞ്ഞു.  

കൊച്ചി: തന്നെ മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി സിദ്ദിഖ്. സിസി മീറ്റിങ്ങിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ ചേരി തിരിവുണ്ടായിട്ടില്ലെന്നും, പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്‍റെ പേരടങ്ങിയ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതെന്ന് പറഞ്ഞ സിദ്ദിഖ്, ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ വരുമെന്നാണ് പ്രതീക്ഷിയെന്നും കൊച്ചിയിൽ പറഞ്ഞു. 

എം ഷാനവാസിന്‍റെ വീട്ടിലെത്തി കുടുംബാങ്ങളുടെ അനുഗ്രഹം തേടിയ ശേഷമായിരുന്ന സിദ്ദിഖിന്‍റെ പ്രതികരണം. കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതോട് ജയരാജനെതിരായ പ്രതിരോധം ഉണ്ടാകുമെന്നു സിദ്ദിഖ് അഭിപ്രായപ്പട്ടു. അഭൂത പൂർവ്വമായ ട്രെൻഡ് പാർട്ടിക്ക് അനുകൂലമായി സെറ്റ് ചെയ്യുന്ന രാഷട്രീയ തീരുമാനമാണ് ജയരാജനെതിരെ മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനമെന്നും സിദ്ദിഖ് പറഞ്ഞു. 

സ്ഥാനാർത്ഥി പട്ടിക ഇത്ര വൈകണമായിരുന്നോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ വൈകിയത് കൊണ്ട് മികച്ച സ്ഥാനാർത്ഥിയെ ലഭിച്ചല്ലോ എന്നായിരുന്നു സിദ്ദിഖിന്‍റെ മറുപടി. വികസനത്തിന്റെ മാ‍ർഗരേഖയോടെയായിരിക്കും വയനാട്ടിലെ തന്റെ പ്രചരണമെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.