ബംഗാളില്‍ 100 സീറ്റുകളില്‍ വനിതാസ്ഥാനാര്‍ഥികള്‍ മത്സരിച്ചാല്‍ വിജയസാധ്യത 20 സീറ്റുകളിലാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കര്‍ണാടകയിലാവട്ടെ ജയസാധ്യത വെറും 5 സീറ്റുകളില്‍ ഒതുങ്ങും. 

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക്‌ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള സംസ്ഥാനം പശ്ചിമബംഗാളെന്ന്‌ റിപ്പോര്‍ട്ട്‌. വനിതകളെ ലോക്‌സഭയിലേക്ക്‌ അയയ്‌ക്കുന്ന കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം കര്‍ണാടകയാണെന്നും ദേശീയ മാധ്യമങ്ങളുടെ പഠനറിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വിശകലനം ചെയ്‌തതില്‍ നിന്നാണ്‌ വനിതാ സ്ഥാനാര്‍ഥികളുടെ ജയസാധ്യത ഓരോ സംസ്ഥാനത്തും എത്രമാത്രമാണെന്ന നിഗമനത്തിലേക്ക്‌ മാധ്യമങ്ങള്‍ എത്തിയിരിക്കുന്നത്‌. ബംഗാളില്‍ 100 സീറ്റുകളില്‍ വനിതാസ്ഥാനാര്‍ഥികള്‍ മത്സരിച്ചാല്‍ വിജയസാധ്യത 20 സീറ്റുകളിലാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കര്‍ണാടകയിലാവട്ടെ ജയസാധ്യത വെറും അഞ്ച് സീറ്റുകളില്‍ ഒതുങ്ങും.

മറ്റ്‌ പ്രധാനപ്പെട്ട എട്ട്‌ സംസ്ഥാനങ്ങളുടെ- ഗുജറാത്ത്‌, രാജസ്ഥാന്‍, തമിഴ്‌നാട്‌, കേരളം, ആന്ധ്രപ്രദേശ്‌, ബീഹാര്‍, ഉത്തര്‍പ്രദേശ്‌, മഹാരാഷ്ട്ര- നില പരിശോധിച്ചാല്‍ വനിതാ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്‌ ഗുജറാത്ത്‌ ആണ്‌. 100ല്‍ 18 വനിതകളെയും ഗുജറാത്തുകാര്‍ വിജയിപ്പിക്കുമെന്നാണ്‌ കണക്ക്‌. തൊട്ടുപിന്നാലെയുള്ളത്‌ ഉത്തര്‍പ്രദേശും(12) ബീഹാറും (11) ആണ്‌.

കഴിഞ്ഞ 6 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി 2736 വനിതാ സ്ഥാനാര്‍ഥികളാണ്‌ ഉണ്ടായിരുന്നത്‌. ഇവരില്‍ 298 പേര്‍- 11 ശതമാനം- മാത്രമാണ്‌ വിജയിച്ചത്‌. പരാജയപ്പെട്ടവരില്‍ 76 ശതമാനത്തിനും (2,090 പേര്‍) കെട്ടിവച്ച പണം പോലും തിരികെ കിട്ടിയില്ല. കര്‍ണാടകയില്‍ 141 വനിതകള്‍ മത്സരിച്ചതില്‍ 7 പേര്‍ മാത്രമാണ്‌ വിജയിച്ചത്‌. 119 പേര്‍ക്കും കെട്ടിവച്ച പണം നഷ്ടമായി.