ആന്ധ്രാപ്രദേശില്‍ ഭരണം തങ്ങള്‍ക്ക്‌ തന്നെ എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തലസ്ഥാനമായ അമരാവതിയില്‍ മുഖ്യമന്ത്രി വസതിയും പാര്‍ട്ടി ഓഫീസും അദ്ദേഹം നിര്‍മ്മിച്ചുകഴിഞ്ഞു.

ഹൈദരാബാദ്‌: തെരഞ്ഞെടുപ്പ്‌ ഫലം എന്താകുമെന്നറിയാന്‍ രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴും ആന്ധ്രാപ്രദേശില്‍ തന്റെയും പാര്‍ട്ടിയുടെയും വിജയം ഉറപ്പിച്ചിരിക്കുകയാണ്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ വൈഎസ്‌ ജഗന്മോഹന്‍ റെഡ്ഡി. ആന്ധ്രാപ്രദേശില്‍ ഭരണം തങ്ങള്‍ക്ക്‌ തന്നെ എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തലസ്ഥാനമായ അമരാവതിയില്‍ മുഖ്യമന്ത്രി വസതിയും പാര്‍ട്ടി ഓഫീസും അദ്ദേഹം നിര്‍മ്മിച്ചുകഴിഞ്ഞു.

അമരാവതിയിലെ തഡേപ്പള്ളിയില്‍ ഒരേക്കര്‍ വിസ്‌തൃതിയുള്ള പുരയിടത്തിലാണ്‌ വീടിനും ഓഫീസിനുമായി കൂറ്റന്‍ കെട്ടിടം ജഗന്‍ നിര്‍മ്മിച്ചത്‌. വീടിന്റെ പാല്‌ കാച്ചല്‍ ചടങ്ങ്‌ ഫെബ്രുവരിയില്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം നടക്കുന്നതിന്‌ രണ്ട്‌ ദിവസം മുമ്പേ -മെയ്‌ 21ന്‌- ജഗന്‍ പുതിയ വസതിയിലേക്ക്‌ താമസം മാറ്റും. മുഖ്യമന്ത്രിയാകുന്നതോടെ ഇത്‌ ഔദ്യോഗികവസതിയാക്കാനാണ്‌ നീക്കം.

പാര്‍ട്ടി ഹെഡ്‌ ഓഫീസും തഡേപ്പള്ളിയിലേക്ക്‌ മാറ്റാനാണ്‌ തീരുമാനം. നിലവില്‍ ഹൈദരാബാദിലെ ബഞ്‌ജാരാ ഹില്‍സിലുള്ള വീട്ടിലാണ്‌ ജഗന്റെ താമസം. ഇവിടം തന്നെയാണ്‌ പാര്‍ട്ടി ഓഫീസും. ബഞ്‌ജാരാഹില്‍സില്‍ നിന്ന്‌ ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം തഡേപ്പള്ളിയിലേക്ക്‌ മാറ്റുന്ന തിരക്കിലാണ്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ഈ മാസം 16ന്‌ വിളിച്ചുചേര്‍ത്തിട്ടുമുണ്ട്‌.

ആന്ധ്രാപ്രദേശില്‍ ഏപ്രില്‍ 11ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്‌.