റാംപൂരിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണറാലിയിലായിരുന്നു മുന്‍ സഹപ്രവര്‍ത്തകയും എതിര്‍സ്ഥാനാര്‍ത്ഥിയുമായ ജയപ്രദയ്‌ക്കെതിരായ അസംഖാന്റെ വിവാദപരാമര്‍ശം.

ലഖ്‌നൗ: നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദയ്‌ക്കെതിരായ 'അടിവസ്‌ത്ര പരാമര്‍ശ'ത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവ്‌ അസംഖാനെ കടന്നാക്രമിച്ച്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. അസംഖാനെപ്പോലെയുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ സംസ്ഥാനപോലീസില്‍ ആന്റി റോമിയോ സ്‌ക്വാഡുകള്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന്‌ ആദിത്യനാഥ്‌ പറഞ്ഞു.

സമാജ്‌ വാദി പാര്‍ട്ടിയിലെ ഒരു മനുഷ്യന്‍ റാംപൂരില്‍ ജീവിക്കുന്നുണ്ട്‌. എന്ത്‌ തരം ഭാഷയാണ്‌ അയാള്‍ ബാബാസാഹേബ്‌ അംബേദ്‌കര്‍ക്കെതിരെ ഉപയോഗിച്ചിട്ടുള്ളത്‌. അംബേദ്‌കറെ നിന്ദിച്ചവര്‍ക്ക്‌ വേണ്ടി ഇന്ന്‌ മായാവതി വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നു. എന്ത്‌ തരം താണ ഭാഷയാണ്‌ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നേരെ അയാള്‍ പ്രയോഗിക്കുന്നുത്‌. അസംഖാനെ പേരെടുത്ത്‌ പരാമര്‍ശിക്കാതെയായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.

റാംപൂരിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണറാലിയിലായിരുന്നു മുന്‍ സഹപ്രവര്‍ത്തകയും എതിര്‍സ്ഥാനാര്‍ത്ഥിയുമായ ജയപ്രദയ്‌ക്കെതിരായ അസംഖാന്റെ വിവാദപരാമര്‍ശം. ജനപ്രതിനിധിയായി തെരഞ്ഞെടുത്തയാളുടെ തനിനിറം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക്‌ 17 വര്‍ഷം വേണ്ടിവന്നു. എന്നാല്‍, അവരുടെ അടിവസ്‌ത്രം കാക്കിനിറത്തിലുള്ളതാണെന്ന താന്‍ 17 ദിവസം കൊണ്ട്‌ തന്നെ മനസ്സിലാക്കിയിരുന്നു എന്നാണ്‌ അസംഖാന്‍ പറഞ്ഞത്‌. ജയപ്രദ ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ചായിരുന്നു പ്രസ്‌താവന.

പൊതുസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്‌ വേണ്ടി രൂപീകരിക്കപ്പെട്ട പോലീസ്‌ സംഘങ്ങളാണ്‌ ആന്റി റോമിയോ സ്‌ക്വാഡുകള്‍. ഇതിന്റെ പേരില്‍ പോലീസ്‌ നിരപരാധികളെപ്പോലും ഉപദ്രവിക്കുകയാണെന്ന വിമര്‍ശനവും യോഗി ആദിത്യനാഥ്‌ നേരിട്ടിരുന്നു.