പാകിസ്താനോട് 'ഐ ലവ് യൂ' എന്ന് പറയാന്‍ മമതയ്ക്ക് കഴിയും, പക്ഷേ തങ്ങള്‍ക്കതിന് കഴിയില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 

കൊല്‍ക്കത്ത: പാകിസ്താനെതിരായ ഇന്ത്യന്‍ വ്യോമാക്രമണങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി നിരന്തരം ചോദ്യം ചെയ്യുന്നത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. പാകിസ്താനോട് ഐ ലവ് യൂ എന്ന് പറയാന്‍ മമതയ്ക്ക് കഴിയും, പക്ഷേ തങ്ങള്‍ക്കതിന് കഴിയില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

"നിങ്ങള്‍ക്ക് പാകിസ്താനോട് സ്നേഹം പ്രകടിപ്പിക്കാനും 'ഐ ലവ് യൂ' പറയാനും കഴിയുമെങ്കില്‍ അത് ചെയ്തോളൂ. പക്ഷേ അവരുടെ വെടിയുണ്ടകള്‍ക്ക് ഞങ്ങള്‍ മറുപടി നല്കുന്നത് പീരങ്കികള്‍ കൊണ്ടായിരിക്കും". പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു.

ബിജെപിക്ക് ദേശീയ സുരക്ഷയാണ് പ്രധാനം. പക്ഷേ, മമതാ ബാനര്‍ജിയെപ്പോലെയുള്ളവര്‍ക്ക് രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ വോട്ടുകളാണ് പ്രധാനം. അങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ച് തങ്ങള്‍ പുറത്താക്കുമെന്നും പൗരത്വരജിസ്റ്ററിനെ സൂചിപ്പിച്ച് അമിത് ഷാ പറഞ്ഞു.