ബിഹാർ: കാവൽക്കാരൻ കള്ളൻ മാത്രമല്ല, ഭീരുവും കൂടിയാണെന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാവൽക്കാരനെ പ്രതിപക്ഷം കൂട്ടം ചേർന്ന് അപമാനിക്കുകയാണെന്നും എന്നാൽ കാവൽക്കാരൻ ജാഗ്രതയോടെ തുടരുമെന്നും മോദി പറഞ്ഞു. ബിഹാറിലെ എൻഡിഎയുടെ പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.

കോൺഗ്രസിന്‍റെ ഓരോ ചോദ്യങ്ങളും പാകിസ്ഥാൻ ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 'ആദ്യം നിങ്ങൾ സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിച്ചു. ഇപ്പോൾ നിങ്ങൾ വ്യോമസേനയുടെ ഓപ്പറേഷന് തെളിവ് ചോദിക്കും.' എന്ന് മോദി. ഇത്തരം ചോദ്യങ്ങളുന്നയിച്ച് സൈന്യത്തിന്‍റെ ആത്മവീര്യം തകർക്കുകയാണ് രാഹുലെന്നും മോദി ആരോപിച്ചു. 

'ശത്രുക്കൾ ആക്രമിക്കാൻ വരുമ്പോൾ മാത്രം ഇത്തരം ചോദ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നതെന്തിന്? തീവ്രവാദ ഫാക്ടറികൾക്കതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്.'  ഈ സമയത്ത് 21 പ്രതിപക്ഷപാർട്ടികൾ ചേർന്ന് തനിക്കെതിരെ നിൽക്കുകയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

രാഹുലിന്‍റെ മണ്ഡലമായ അമേഠിയിൽ പ്രചാരണത്തിനെത്തുന്നതിന് തൊട്ടു മുമ്പ് ബിഹാറിൽ നടത്തിയ റാലിയിലാണ് മോദിരാഹുലിനെ കടന്നാക്രമിക്കുന്നത്.

പാകിസ്ഥാനെതിരെ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയിൽ പറയുന്നത്. 'വീരജവാൻമാരുടെ മരണം പാഴാകില്ല. പതിയെപ്പതിയെ ഇന്ത്യ തിരിച്ചടി നൽകും.'

കലുഷിതകാലത്തും മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകുന്നില്ലെന്നും തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞിരുന്നു. 'കാവൽക്കാരൻ കള്ളനാണെന്ന' തന്‍റെ മുദ്രാവാക്യത്തിൽ ചെറിയൊരു തിരുത്തുണ്ടെന്നും കാവൽക്കാരൻ കള്ളൻ മാത്രമല്ല, ഭീരുവും കൂടിയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.