രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് അടുത്ത 24 ദിവസത്തേക്ക് വേണ്ട കൽക്കരി കൈയ്യിലുണ്ടെന്നാണ് കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നത്

ദില്ലി: രാജ്യത്ത് കൽക്കരി ക്ഷാമമോ (Coal Scarcity) വൈദ്യുതി രംഗത്ത് പ്രതിസന്ധിയോ (Power crisis) ഇല്ലെന്ന് കേന്ദ്ര കൽക്കരി മന്ത്രി (Union Minister of Coal) പ്രൾഹാദ് ജോഷി (Pralhad Joshi). കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രിക്ക് പിന്നാലെയാണ് കൽക്കരി മന്ത്രിയുടെ പ്രസ്താവന. എന്നാൽ പ്രതിസന്ധി നിഷേധിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രസർക്കാർ (Central Government) പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് ദില്ലി ഉപമുഖ്യമന്ത്രി (Delhi Deputy CM) മനീഷ് സിസോദിയ രംഗത്തെത്തി.

രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് അടുത്ത 24 ദിവസത്തേക്ക് വേണ്ട കൽക്കരി കൈയ്യിലുണ്ടെന്നാണ് കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നത്. 43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൺസൂൺ കഴിഞ്ഞ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഉൽപ്പാദനം വർധിപ്പിക്കാനാവുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

അതേസമയം ഊർജ്ജ പ്രതിസന്ധിയിൽ വാർത്താ സമ്മേളനം വിളിച്ച് ദില്ലി ഉപമുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ വിമർശിച്ചു. വിഷയത്തെ കേന്ദ്ര സർക്കാർ ഗൗരവമായി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം നിഷേധിച്ചിട്ട് കാര്യമില്ല. പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു. ഓക്സിജൻ ക്ഷാമക്കാലത്ത് എടുത്ത നിലപാട് പോലെ കണ്ണടച്ച് ഇരുട്ടാക്കരുത്. സമയബന്ധിതമായ പരിഹാരമാണ് ആവശ്യമെന്നും ഉത്തരവാദിത്വമില്ലാത്ത പ്രതികരണമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.