Asianet News MalayalamAsianet News Malayalam

2023-ലേക്ക് നികുതി ലാഭിക്കാം; ഈ 5 മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിൽ നികുതി ലഭിക്കാൻ പെടാപാട് പെടേണ്ട. 2023-ലേക്ക് നികുതി ലഭിക്കാനുള്ള മാർഗ്ഗങ്ങൾ ഇപ്പോഴേ അറിഞ്ഞിരിക്കാം. ഈ അഞ്ച് വഴികൾ പരിശോധിക്കൂ 
 

5 tax-saving techniques for Financial year 2023
Author
First Published Dec 21, 2022, 4:55 PM IST

മിക്കവരും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലാകും നികുതി ലാഭിക്കാനുള്ള വഴികള്‍ തേടുന്നതും ആനുകൂല്യം ലഭിക്കാവുന്ന നിക്ഷേപ പദ്ധതികളില്‍ ചേരുന്നതുമൊക്കെ. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കൃത്യമായ ആസൂത്രണത്തോടെ അനുയോജ്യമായ നിക്ഷേപ പദ്ധതികളില്‍ ചേരുന്നതാണ് പരമാവധി നികുതി ലാഭിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. ഇതിലൂടെ നികുതി ബാധ്യത കുറയ്ക്കാനും ദീര്‍ഘകാലയളവില്‍ സമ്പാദ്യം കെട്ടിപ്പടുക്കാനും സാധിക്കുന്നു. അതിനാല്‍ ഓരോരുത്തര്‍ക്കും യോജിച്ച നിക്ഷേപ പദ്ധതികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും പഠിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന 5 വഴികള്‍ താഴെ ചേര്‍ക്കുന്നു.

1. ടാക്‌സ്-സേവിങ്‌സ് പദ്ധതികളിലെ നിക്ഷേപം

ആദായ നികുതി നിയമത്തിന്റെ ചട്ടം 80-സി പ്രകാരം ചില പദ്ധതികളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ലാഭിക്കാനാകും. ദീര്‍ഘകാലയളവില്‍ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിനൊപ്പം നികുതി നേട്ടം ലഭ്യവുമായ പദ്ധതികള്‍ താഴെ കൊടുക്കുന്നു.

>> പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
>> എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)
>> ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം (ഇഎല്‍എസ്എസ്)
>> നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്)
>> സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ)
>> സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)
>> 5 വര്‍ഷവും അതിന് മുകളിലുമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി)

2. അനുയോജ്യമായ നികുതി വ്യവസ്ഥ

നിലവില്‍, പൗരന്മാര്‍ക്ക് രണ്ടു രീതിയില്‍ നികുതി നല്‍കാനുള്ള വ്യവസ്ഥകള്‍ ലഭ്യമാണ്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ ഇവയിലൊന്ന് തെരഞ്ഞെടുക്കണം. അതിനാല്‍ നികുതി ദായകന് അനുയോജ്യമായ വ്യവസ്ഥ സ്വീകരിക്കുന്നതിലൂടെ പരമാവധി നികുതി ആനുകൂല്യം നേടിയെടുക്കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച സമ്പ്രദായത്തില്‍ നികുതി നിരക്കുകള്‍ കുറവാണെങ്കിലും നിക്ഷേപങ്ങള്‍ക്കുള്ള നികുതി കിഴിവുകള്‍ അനുവദിക്കുന്നില്ല. അതിനാല്‍ 80-സി പ്രകാരമുളള കിഴിവ് ചോദിക്കണമെങ്കില്‍ പഴയ നികുതി സമ്പ്രദായത്തില്‍ വേണം റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. പഴയതിലും പുതിയ രീതിയിലും നല്‍കേണ്ടി വരുന്ന നികുതിയിലെ വ്യത്യാസം തിരിച്ചറിയാന്‍ സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ ടാക്‌സ് കാല്‍ക്കുലേറ്റര്‍ സേവനങ്ങള്‍ ഇന്നു ലഭ്യമാണ്.

3. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്

നിങ്ങള്‍ക്കും കുടുംബത്തിനുമായി വാങ്ങുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സിലൂടെ 25,000 രൂപ വരെ നികുതി ആനുകൂല്യം നേടാനാകും. ആദായ നികുതി നിയമത്തിലെ ചട്ടം 80-ഡി മുഖേനയാണിത്. ഇതേ നിയമം അനുസരിച്ച് നികുതി ദായകന്‍ മുതിര്‍ന്ന പൗരനാണെങ്കില്‍ പരമാവധി 50,000 രൂപയുടെ നികുതി ആനുകൂല്യത്തിന് അര്‍ഹനാണ്. അതുപോലെ നിങ്ങള്‍ രക്ഷിതാക്കള്‍ക്കു വേണ്ടി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങുന്നുണ്ടെങ്കില്‍ അധികമായി 50,000 രൂപയുടെ നികുതി ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹതയുണ്ട്.

4. ഹോം ലോണ്‍

ബാങ്കില്‍ നിന്നോ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) മുഖേനയോ ഭവന വായ്പ സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പലിശ ഇനത്തിലേയും മുതല്‍ തുകയിലേക്കുമുള്ള തിരിച്ചടവിന് നികുതി ആനുകൂല്യം ലഭിക്കും. വകുപ്പ് 24 പ്രകാരം ഭവന വായ്പയുടെ പലിശയിലേക്ക് പരമാവധി 2 ലക്ഷം രൂപയുടേയും 80-സി പ്രകാരം മുതല്‍ തുകയിലേക്കുള്ള തിരിച്ചടവില്‍ പരമാവധി 1.5 ലക്ഷം രൂപയുടേയും നികുതി കിഴിവ് ലഭിക്കും.

5. യഥാസമയം റിട്ടേണ്‍ സമര്‍പ്പിക്കുക

എല്ലാ വര്‍ഷവും ജൂലൈ 31-ന് മുന്നെയോ ആദായ നികുതി വകുപ്പ് നിര്‍ദേശിക്കുന്ന സമയ പരിധിക്കുള്ളിലോ വ്യക്തിഗത നികുതി ദായകരും കമ്പനികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ നികുതി സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയും ചെയ്യും. യഥാസമയം നികുതി ഒടുക്കുന്നതിലൂടെ ഭവന വായ്പയ്ക്കുള്ള അപേക്ഷ, പ്രവാസത്തിനുള്ള രേഖകള്‍, ഉയര്‍ന്ന തുകയുടെ ഇടപാട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നേരിടേണ്ട നടപടിക്രമങ്ങള്‍ ലളിതമായി നിലനിര്‍ത്താം.

Follow Us:
Download App:
  • android
  • ios