അമേരിക്കന്‍ കോടതിയില്‍ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍

കുറ്റപത്രത്തില്‍ കുത്തിയൊലിച്ചത് നിക്ഷേപകരുടെ 2.5 ലക്ഷം കോടി രൂപ..അദാനി ഓഹരികള്‍ തകര്‍ന്നുതരിപ്പണം.. അദാനിയ്ക്കെതിരായ നടപടിയില്‍ നഷ്ടം നേരിട്ട് എസ്ബിഐയും..

അമേരിക്കന്‍ കോടതിയില്‍ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍. ഇന്ന് വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 2.60 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരികളിലുണ്ടായത്. ഏതാണ്ട് 20 ശതമാനം നഷ്ടമാണ് അദാനി ഓഹരികളില്‍ രേഖപ്പെടുത്തിയത്. മുന്‍നിര കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി മൂല്യത്തില്‍ 20% എന്ന കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി. അദാനി ഗ്രീന്‍ എനര്‍ജി 19.17%, അദാനി ടോട്ടല്‍ ഗ്യാസ് 18.14%, അദാനി പവര്‍ 17.79%, അദാനി പോര്‍ട്ട്സ് 15% എന്നിങ്ങനെയാണ് നഷ്ടം നേരിട്ടത്. അംബുജ സിമന്‍റ്സ് 14.99% ,എസിസി സിമന്‍റ്സ് ഓഹരികള്‍ 14.54%, എന്‍ഡിടിവി ഓഹരികള്‍ 14.37%, അദാനി വില്‍മര്‍ 10% എന്നിങ്ങനെയാണ് ഇടിവ്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദത്തിന് ശേഷം അദാനി ഓഹരികളില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഓഹരികള്‍ ഇടിഞ്ഞതോടെ അദാനിയുടെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് 80,000 കോടി രൂപയുടെ കുറവുണ്ടായി.

അദാനിക്ക് ഏറ്റവും കൂടുതല്‍ വായ്പ കൊടുത്ത രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വരെ അമേരിക്കന്‍ നടപടിയുടെ തിരിച്ചടി നേരിട്ടു. എസ്ബിഐയുടെ ഓഹരികള്‍ ഇടിഞ്ഞതോടെ ബാങ്കിന്‍റെ വിപണി മൂല്യത്തില്‍ 30,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

അമേരിക്കയുടെ കടുംവെട്ട്

സൗരോര്‍ജ കരാറുകള്‍ക്കായി അദാനി ഗ്രൂപ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത കേസ് അനുസരിച്ച്, ഗൗതം അദാനി യുഎസ് നിക്ഷേപകരെ വഞ്ചിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയും ചെയ്തതായി ആരോപിക്കുന്നു. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരില്‍ നിന്നും ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് അദാനി ചെയ്തിരിക്കുന്ന കുറ്റം. ഇതിന് അദാനിയും മറ്റുള്ളവരും ഏകദേശം 265 മില്യണ്‍ ഡോളര്‍ (ഏകദേശം 2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഈ കരാറുകള്‍ രണ്ട് ദശാബ്ദത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ (ഏകദേശം 16882 കോടി രൂപ) ലാഭമുണ്ടാക്കുമെന്നായിരുന്നു അദാനിയുടെ കണക്കുകൂട്ടല്‍. ഗൗതം അദാനിയെ പരാമര്‍ശിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ചിലര്‍ ദി ബിഗ് മാന്‍' തുടങ്ങിയ കോഡ് നാമങ്ങള്‍ ഉപയോഗിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കായി 3 ബില്യണ്‍ ഡോളറിലധികം വായ്പകളും ബോണ്ടുകളും നേടിയെടുക്കാന്‍ അദാനിയും അദ്ദേഹത്തിന്‍റെ അനന്തരവന്‍ സാഗര്‍ അദാനിയും മറ്റൊരു എക്സിക്യൂട്ടീവ് വിനീത് ജെയിനും പണമിടപാടുകാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും കൈക്കൂലി നല്‍കിയത് മറച്ചുവെച്ചതായും കുറ്റപത്രം ആരോപിക്കുന്നു.