Asianet News MalayalamAsianet News Malayalam

അദാനി വിൽമർ സ്റ്റോറുകളിൽ റെയ്ഡ്; നികുതി വെട്ടിച്ചെന്ന് ആരോപണം

എക്‌സൈസ് വകുപ്പിന്റെ സൗത്ത് എൻഫോഴ്‌സ്‌മെന്റ് സോണിന്റെ സംഘം ബുധനാഴ്ച രാത്രി വൈകിയാണ് കടയിലെത്തിയത്. ഗോഡൗണുകളിലെ രേഖകൾ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടർന്നെന്നും 

Adani Wilmar  premises inspected by HP tax authorities
Author
First Published Feb 9, 2023, 6:25 PM IST

ദില്ലി : ഹിമാചൽ പ്രദേശിലെ അദാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി സംസ്ഥാന എക്‌സൈസ് നികുതി വകുപ്പ്.  സോളനിലുള്ള അദാനി വിൽമർ  സ്റ്റോറുകളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. എക്‌സൈസ് വകുപ്പിന്റെ സൗത്ത് എൻഫോഴ്‌സ്‌മെന്റ് സോണിന്റെ സംഘം ബുധനാഴ്ച രാത്രി വൈകിയാണ് കടയിലെത്തിയത്. ഗോഡൗണുകളിലെ രേഖകൾ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടർന്നെന്നും റിപ്പോർട്ട്. നികുതി പണമായി അടയ്ക്കാത്തത് സംശയാസ്പദമാണെന്നും ആരോപണമുണ്ട്.

അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമറും തമ്മിലുള്ള സംയുക്ത സംരംഭമാണ് അദാനി വിൽമർ. ആകെ ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളാണ് ഹിമാചൽ പ്രദേശിൽ പ്രവർത്തിക്കുന്നത്. പലചരക്ക് സാധനങ്ങളും കമ്പനികൾ വൻതോതിൽ വിതരണം ചെയ്യുന്നുണ്ട്.

ചരക്ക് നിരക്കുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്, എസിസി ലിമിറ്റഡിന്റെയും അംബുജ സിമന്റ്സിന്റെയും ഉടമസ്ഥതയിലുള്ള ബർമാന (ബിലാസ്പൂർ ജില്ല), ദർലാഘട്ട് (സോലൻ ജില്ല) എന്നിവിടങ്ങളിലെ രണ്ട് സിമന്റ് പ്ലാന്റുകൾ ഡിസംബർ 14 മുതൽ അടച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ വ്യവസായ മന്ത്രി അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. ശനിയാഴ്ച പറഞ്ഞു.

അതേസമയം,ഇന്ന് ബിഎസ്ഇയിൽ അദാനി എന്റർപ്രൈസസ് സ്റ്റോക്ക് 2.62 ശതമാനം ഇടിഞ്ഞ് 2,102 എന്ന നിലയിലെത്തി. അദാനി വിൽമർ സ്റ്റോക്ക്, ബിഎസ്ഇയിൽ 5 ശതമാനം ഉയർന്ന് 440.30 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ അക്കൗണ്ടിംഗ് തട്ടിപ്പുകൾ, സ്റ്റോക്ക് കൃത്രിമം എന്നിവ ആരോപിച്ചത് മുതൽ ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞിരുന്നു. 
 

Follow Us:
Download App:
  • android
  • ios